മുര്‍സി അനുകൂല റാലിയില്‍ പങ്കെടുത്ത 78 കുട്ടികള്‍ ഈജിപ്തില്‍ തടവിലെന്ന്

Posted on: November 28, 2014 5:34 am | Last updated: November 27, 2014 at 10:35 pm

കൈറോ: ഈജിപ്തില്‍ ഭീകരസംഘടനയായി പ്രഖ്യാപിക്കപ്പെട്ട ബ്രദര്‍ഹുഡിന്റെ റാലിയില്‍ പങ്കെടുത്തതിന്റെ പേരില്‍ 18 വയസ്സിന് താഴെയുള്ള 78 പേരെ ജയിലിലടച്ചതായി ആരോപണം. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിലാണ് ദേശദ്രോഹത്തിന്റെ പേരില്‍ ഇവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. രണ്ട് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയാണ് ഇവര്‍ക്ക് ജയില്‍ ശിക്ഷ. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ട മുര്‍സിയെ തിരിച്ചുകൊണ്ടുവരണമെന്നാവശ്യപ്പെട്ടായിരുന്നു റാലികള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നത്. സീസിയുടെ നേതൃത്വത്തില്‍ സൈന്യം അധികാരത്തിലെത്തിയതിന് ശേഷം ബ്രദര്‍ഹുഡിനെതിരെ ശക്തമായ നടപടി ഈജിപ്തില്‍ തുടരുകയാണ്. ബ്രദര്‍ഹുഡിന്റെ നിരവധി നേതാക്കള്‍ വിവിധ കേസുകളില്‍ ജയിലിലാണ്.
ഇപ്പോള്‍ ജയിലിലക്കപ്പെട്ട കുട്ടികളുടെ വയസ്സ് 13നും 17നും ഇടയിലാണ്. എന്നാല്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഏറ്റവും മുതിര്‍ന്ന കുട്ടിയുടെ പ്രായം 15 ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്. റോഡില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുക, ഗതാഗതം തടസ്സപ്പെടുത്തുക, പൗരന്‍മാരെ ഭീതിപ്പെടുത്തുക തുടങ്ങിയ കേസുകളില്‍ ഇവര്‍ പ്രതികളാണ്.