Connect with us

Gulf

ദേശീയ ദിനാഘോഷ പൊലിമയില്‍ രാജ്യം

Published

|

Last Updated

ദുബൈ: രാജ്യം ദേശീയ ദിനാഘോഷ നിറവില്‍. ഡിസംബര്‍ രണ്ടിനാണ് 43-ാം ദേശീയ ദിനമെങ്കിലും ആഘോഷങ്ങള്‍ നേരത്തെ തുടങ്ങി. സര്‍ക്കാര്‍ വകുപ്പുകള്‍ ഇത്തവണ കേമമായാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ദുബൈ താമസ-കുടിയേറ്റ വകുപ്പിന്റെ പരിപാടിയില്‍ ഇന്ത്യക്കാരടക്കം വിദേശികളും പങ്കെടുത്തു. നറുക്കെടുപ്പില്‍ നിരവധി ഇന്ത്യക്കാര്‍ക്കും സമ്മാനം ലഭിച്ചു.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് തലവന്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാശിദ് അല്‍ മറി ദേശിയ ദിന സന്ദേശം കൈമാറി. കാശ് പ്രൈസുകള്‍, ലാപ്‌ടോപ്പുകള്‍, ടാബ്‌ലെറ്റ് അടകം ലക്ഷകണക്കിന് ദിര്‍ഹമിന്റെ സമ്മാനങ്ങളാണ് ചടങ്ങില്‍ വിതരണം ചെയ്തത് . അന്നം നല്‍കുന്ന രാജ്യത്തിന്റെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമാകാന്‍ മലയാളികള്‍ അടക്കമുള്ളവര്‍ കുടുംബ സമേതമാണ് പരിപാടിക്ക് എത്തിയത്. ദുബൈ എമിഗ്രേഷന്‍ ഉപതലവന്‍ ഉബൈദ് ബിന്‍ സുറുര്‍. വിവിധ വകുപ്പ് മേധാവികള്‍, ദുബൈ പൊലിസ് മേധാവികള്‍, ജീവനക്കാര്‍, വിദേശികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ദേശ സ്‌നേഹം വിളിച്ചോതുന്ന ലഘുനാടകത്തോടെയായിരുന്നു തുടക്കം. പരമ്പരാഗത നൃത്തവും സംഗീതവും അലയടിച്ചു. അബുദാബിയില്‍ സായിദ് ഹെയര്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യുമാനിറ്റേറിയന്‍ കെയര്‍ ആന്‍ഡ് സ്‌പെഷല്‍ നീഡ്‌സും ആഘോഷം നടത്തി. പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികളുടെ പരിപാടികള്‍ ശ്രദ്ധേയമായി.
അബുദാബി: ലോകമെങ്ങുമുള്ള യു എ ഇ പൗരന്മാര്‍ യു എ ഇ ദേശീയ ദിനം ആഘോഷിക്കണമെന്ന് യു എ ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അഭ്യര്‍ഥിച്ചു. “ഇമാറാത്തി, ഞാന്‍ എവിടെയാണെങ്കിലും എന്ന സന്ദേശം ഉയര്‍ത്തിപ്പിടി”ച്ചാകണം ആഘോഷമെന്നും ശൈഖ് അബ്ദുല്ല ട്വിറ്ററിലൂടെ സന്ദേശം നല്‍കി.”
ഷാര്‍ജ: രാജ്യത്തിന്റെ 43-ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ കുരുന്നു വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച പരിപാടികള്‍ ആകര്‍ഷകമായി.
സ്‌കൂള്‍ അങ്കണത്തില്‍ കെ ജി വിഭാഗം വിദ്യാര്‍ഥികളാണ് പരിപാടികള്‍ അവതരിപ്പിച്ചത്. ചതുര്‍വര്‍ണ ഷാളുകളും, തൊപ്പിയും ധരിച്ച കുട്ടികള്‍ ദേശീയ പതാകയുമേന്തിയാണ് സംബന്ധിച്ചത്. കുട്ടികള്‍ ദേശീയഗാനം ആലപിക്കുകയും യു എ ഇയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. മാത്രമല്ല സ്വദേശികള്‍ക്കു ദേശീയ ദിനാശംസയും അറിയിച്ചു.
വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ അബ്ദുല്‍ അസീസ്, പ്രിന്‍സിപ്പല്‍ കെ ആര്‍ രാധാകൃഷ്ണന്‍ നായര്‍, അഡ്മിനിസ്‌ട്രേറ്റര്‍ അബ്ദുല്‍ കരീം തുടങ്ങിയവര്‍ സംബന്ധിച്ചു.
അബുദാബി: അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ യു എ ഇയുടെ 43-ാം ദേശീയ ദിനാഘോഷ പരിപാടികള്‍ ഡിസംബര്‍ നാല് (വ്യാഴം) രാത്രി എട്ടിന് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മുന്‍കേന്ദ്ര മന്ത്രിയും പ്രഭാഷകനുമായ മണിശങ്കര്‍ അയ്യര്‍, എം പി വീരേന്ദ്രകുമാര്‍ മുഖ്യാതിഥികളായി എത്തും. അറബ് പ്രമുഖര്‍, സാമൂഹിക സാംസ്‌കാരിക വ്യവസായ പ്രമുഖര്‍ സംബന്ധിക്കും. പരിപാടികളുടെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. പി ബാവ ഹാജി (ചെയര്‍.), ഡോ. അബ്ദുര്‍റഹ്മാന്‍ ഒളവട്ടൂര്‍, കെ കെ ഹംസക്കുട്ടി, എം കെ മൊയ്തീന്‍, മൊയ്തു ഹാജി കടന്നപ്പള്ളി (വൈ. ചെയര്‍.), കരപ്പാത്ത് ഉസ്മാന്‍ (ജന. കണ്‍.), ഉസ്മാന്‍ ഹാജി, അബ്ദുര്‍റഹ്മാന്‍ തങ്ങള്‍, ടി കെ അബ്ദുല്‍ സലാം, നസീര്‍ മാട്ടൂല്‍ (ജോ. കണ്‍.), ശുക്കൂര്‍ അലി കല്ലുങ്കല്‍ (ട്രഷറര്‍) തിരഞ്ഞെടുത്തു.
അജ്മാന്‍: എറണാകുളം പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ അജ്മാന്‍ ബീച്ച് ഹോട്ടലില്‍ ഇന്ന് വൈകുന്നേരം ഏഴിന് യു എ ഇ ദേശീയ ദിനാഘോഷ പരിപാടികള്‍ മുന്‍ നിയമസഭാ സ്പീക്കറും യു ഡിഎഫ് കണ്‍വീനറുമായ പി പി തങ്കച്ചന്‍ ഉദ്ഘാടനം ചെയ്യും. നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറും ഇ പി ഡബ്ല്യു എ മുഖ്യ രക്ഷാധികാരിയുമായ ഇസ്മാഈല്‍ റാവൂത്തര്‍ മുഖ്യപ്രഭാഷണം നടത്തും. പ്രസിഡന്റ് വി കെ ബേബി അധ്യക്ഷനായിരിക്കും.