കളിക്കിടെ പരിക്കേറ്റ ഫിലിപ്പ് ഹ്യൂസ് അന്തരിച്ചു

Posted on: November 27, 2014 10:29 am | Last updated: November 28, 2014 at 9:21 am

Phillip-Hughes-സിഡ്‌നി: ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിനിടെ പന്ത് കൊണ്ട് തലക്ക് ഗുരുതരമായി പരുക്കേറ്റ ആസ്‌ത്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഫിലിപ് ഹ്യൂസ് (25) അന്തരിച്ചു. ഹ്യൂസിന്റെ മരണം ക്രിക്കറ്റ് ആസ്‌ത്രേലിയ സ്ഥിരീകരിച്ചു. തലക്ക് ഗുരുതരമായി പരുക്കേറ്റ് സിഡ്‌നിയിലെ സെന്റ് വിന്‍സന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹ്യൂസ് മൂന്ന് ദിവസമായി അബോധാവസ്ഥയിലായിരുന്നു. സിഡ്‌നിയില്‍ ചൊവ്വാഴ്ച നടന്ന ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തിനിടെ ബൗണ്‍സര്‍ കഴുത്തിന് മുകളില്‍ കൊണ്ടാണ് ഹ്യൂസിന് പരുക്കേറ്റത്. ഹെല്‍മറ്റ് ധരിച്ചിരുന്നുവെങ്കിലും സാരമായി പരുക്കേല്‍ക്കുകയായിരുന്നു.
സീന്‍ അബോട്ടിന്റെ ബൗണ്‍സറായിരുന്നു ഫിലിപ് ഹ്യൂസിന്റെ ജീവനെടുത്തത്. മുന്‍ ആസ്‌ത്രേലിയന്‍ പേസര്‍ നഥാന്‍ ബ്രാക്കന്‍ സീന്‍ അബോട്ടിന് മാനസിക പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മൈക്കല്‍ ക്ലാര്‍ക്ക് ഉള്‍പ്പെടെ ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ടീമിലെ ഭൂരിഭാഗം പേരും സെന്റ് വിന്‍സന്റ് ആശുപത്രിയില്‍ എത്തിയിരുന്നു. ഹ്യൂസിനോടുള്ള ആദരസൂചകമായി സിഡ്‌നി, മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനങ്ങളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി. ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട് ഉള്‍പ്പെടെയുള്ളവര്‍ ഹ്യൂസിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി.
അതിവേഗം സഞ്ചരിക്കുന്ന കാറുകള്‍ കൂട്ടിയിടിക്കുമ്പോള്‍ ഉണ്ടാകുന്ന പരുക്കിന് തുല്യമാണ് ഹ്യൂസിനുണ്ടായതെന്നാണ് സ്‌പോര്‍ട്‌സ് ഡോക്ടര്‍മാര്‍ പറയുന്നത്. തലച്ചോറിനുണ്ടാകുന്ന സമ്മര്‍ദം കുറയ്ക്കുന്നതിനു വേണ്ടി ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷപ്പെടുത്താനായില്ല.