Connect with us

Malappuram

കഴിയുമോ വളാഞ്ചേരിയിലെ കുരുക്കഴിക്കാന്‍

Published

|

Last Updated

വളാഞ്ചേരി: നഗരം ഗതാഗത കുരുക്കില്‍ വീര്‍പ്പ് മുട്ടുന്നു. ഇത് കാരണം സ്ത്രീകളും വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ ദുരിതത്തിലാകുന്നത് നിത്യ സംഭവമാകുന്നു. വളാഞ്ചേരിയിലെ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച ട്രാഫിക് സിഗ്നല്‍ സംവിധാനം താറുമാറായിട്ട് ഒരു വര്‍ഷത്തോളമായി.

കോഴിക്കോട്, തൃശൂര്‍, പട്ടാമ്പി, പെരിന്തല്‍മണ്ണ എന്നീ റോഡുകള്‍ സംഗമിക്കുന്ന വളാഞ്ചേരി ജംഗ്ഷനിലാണ് ഗതാഗത സ്തംഭനമുണ്ടാകുന്നത്. ഇവിടെ നാല് റോഡുകളില്‍ നിന്നും ഒരേ സമയം വാഹനങ്ങള്‍ വരുന്നതാണ് ഗതാഗത കുരുക്കിന് പ്രധാന കാരണം.ദേശീയപാത 17 കടന്ന് പോകുന്നത് വളാഞ്ചേരി പട്ടണത്തിലൂടെയാണ്. ശബരിമല തീര്‍ഥാടന കാലമായതിനാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കം നിരവധി വാഹനങ്ങളാണ് ദേശീയ പാതയെ ആശ്രയിക്കുന്നത്. ദേശീയ പാതയില്‍ വാഹനങ്ങളുടെ നീണ്ട നിര തന്നെ രൂപപ്പെടുന്നു. ഇത് ഒഴിവാക്കാന്‍ മണിക്കൂറുകളാകും. വളാഞ്ചേരിയിലെ ഗതാഗത കുരുക്കിന് ഏക പോംവഴി കഞ്ഞിപ്പുര മൂടാല്‍ ബൈപ്പാസ് യാഥാര്‍ഥ്യമാക്കുക എന്നതാണ്.
എന്നാല്‍ കഞ്ഞിപ്പുര മൂടാല്‍ റോഡ് തകര്‍ന്നതും ഇടുങ്ങിയതായതും കൊണ്ട് അതുവഴി വാഹനം തിരിച്ച്‌വിടാന്‍ ആരും തയ്യാറാകുന്നില്ല. ഇതോടെ വളാഞ്ചേരി വഴിയാണ് വാഹനങ്ങള്‍ മുഴുവന്‍ പോകുന്നത്. ഇത് ഗതാഗത സ്തംഭനത്തിന്റെ ആക്കം കൂട്ടുന്നു. എന്നാല്‍ മാസങ്ങളായി പ്രവര്‍ത്തന രഹിതമായി കിടക്കുന്ന ട്രാഫിക് സിഗ്നല്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ഗതാഗത കുരുക്കിന് ഏറെക്കുറെ പരിഹാരമുണ്ടാക്കാന്‍ കഴിയും. അതോടൊപ്പം കഞ്ഞിപ്പുര മൂടാല്‍ ബൈപ്പാസ് എത്രയും വേഗം യാഥാര്‍ഥ്യമാക്കുകയും ചെയ്താല്‍ ഈ കുരുക്കഴിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.