ചുംബന സമരം: മോഹന്‍ലാലിന്റെ ബ്ലോഗിനെതിരെ കൊച്ചി മേയറുടെ തുറന്ന കത്ത്

Posted on: November 27, 2014 5:42 am | Last updated: November 26, 2014 at 11:44 pm

tony chammanyകൊച്ചി: ചുംബ സമരത്തെയും അനുകൂലിക്കുന്ന നടന്‍ മോഹന്‍ലാലിന്റെ ബ്ലോഗിനെതിരെ കൊച്ചി മേയര്‍ ടോണി ചമ്മണിയുടെ തുറന്നകത്ത്. സ്‌നേഹപൂര്‍വം മോഹന്‍ലാലിന് എന്ന ശീര്‍ഷകത്തില്‍ തന്റെ ബ്ലോഗിലൂടെയാണ് മേയര്‍ മോഹന്‍ലാലിന്റെ നിലപാടുകളോട് വിയോജിപ്പുകള്‍ രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ ചുംബ സമരത്തെ അനുകൂലിച്ച് ബ്ലോഗ് എഴുതിയിരുന്നു. എന്നാല്‍ ഇതില്‍ പലതിനോടും യോജിക്കാനാകില്ലെന്ന് മേയര്‍. സദാചാര പോലീസിനേയും കപടസദാചാരവാദത്തേയും എതിര്‍ക്കുമ്പോള്‍ തന്നെ ചുംബന സമരം പോലുള്ള പ്രതിലോമകരമായ സമരരീതികളെ അനുകൂലിക്കാനാകില്ല. ഒരു തലമുറയുടേയും ജീവിതം നിശ്ചയിക്കണ്ടേത് രാഷ്ട്രീയ പാര്‍ട്ടികളല്ല എന്ന മോഹന്‍ലാലിന്റെ പരാമര്‍ശം പുതിയ തലമുറയില്‍ അരാഷ്ട്രീയ വാദമുണ്ടാക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ വിവധ കാലങ്ങളില്‍ നടത്തിയ പ്രക്ഷോഭങ്ങളും ഇടപെടലുകളുമാണ് കേരളീയ സമൂഹത്തെ വേറിട്ട തലത്തില്‍ എത്തിച്ചത്. ചുംബന സമരത്തില്‍ ഇടപെട്ട വീര്യത്തോടെ രാഷ്ട്രീയപാര്‍ട്ടികള്‍ പൊതു പ്രശ്‌നങ്ങളില്‍ ഇടപെടുന്നില്ല എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. എന്നാല്‍ ചുംബ്യൂസമരത്തിന് കൊച്ചിയില്‍ ആവേശം കാണിച്ച ചെറുപ്പക്കാര്‍ ഏതൊക്കെ പൊതുപ്രശ്‌നങ്ങളില്‍ ഇത്ര വീര്യത്തോടെ ഇടപെടുന്നു എന്ന ചോദ്യം അവരോടും ഉന്നയിക്കേണ്ടതാണ്. പഠിക്കേണ്ട കാലത്ത് കുട്ടികള്‍ പാര്‍ക്കിലോ ഐസ്‌ക്രീം പാര്‍ലറുകളിലോ ഇന്റര്‍നെറ്റ് കഫേകളിലോ കുടുങ്ങിപ്പോകേണ്ടവരല്ല. ചുംബന സമരങ്ങള്‍ പോലുള്ള സംഭവങ്ങള്‍ സ്വന്തം സ്വാതന്ത്ര്യത്തെക്കുറിച്ചും അവകാശത്തെക്കുറിച്ചും കുട്ടികളില്‍ തെറ്റായ ധാരണയുണ്ടാക്കും. പൊതു പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ പാകത്തിനുള്ള മാനസികാവസ്ഥ പുതു തലമുറയില്‍ സൃഷ്ടിക്കാനാണ് മോഹന്‍ലാലിനെ പോലെ അവരില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന വ്യക്തിത്വം ശ്രമിക്കേണ്ടത്. അതുകൊണ്ടു തന്നെ അത്തരക്കാരുടെ നിലപാടുകളില്‍ വ്യക്തതയും ജാഗ്രതയും വേണമെന്നം മേയര്‍ ബ്ലോഗില്‍ പറഞ്ഞു.