Connect with us

Editors Pick

സൗന്ദര്യം ആസ്വദിച്ച് സൗകര്യമുള്ളൊരു യാത്ര; അഫ്‌നാന്റെ ന്യൂജനറേഷന്‍ മാതൃക ശ്രദ്ധേയമാകുന്നു

Published

|

Last Updated

കോഴിക്കോട്: കേരളത്തിന്റെ വികസന സങ്കല്‍പ്പത്തിന് സൗന്ദര്യവും സൗകര്യവും ചേര്‍ത്തൊരുക്കിയ ന്യൂജനറേഷന്‍ മാതൃകയുമായി യുവ ആര്‍ക്കിടെക്റ്ററുടെ പ്ലോട്ടിംഗ് ഹബ്ബ് ശ്രദ്ധേയമാകുന്നു. ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് മാറി തീരപ്രദേശത്ത് കടലിനോട് ചേര്‍ന്ന് ഉയര്‍ന്നു നില്‍ക്കുന്ന ഹബ്ബില്‍ ഗതാഗത സംവിധാനങ്ങളുടെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി ടൂറിസത്തിലേക്ക് കൂടി വാതില്‍ തുറന്നിട്ടാണ് മുഹമ്മദ് അഫ്‌നാന്‍ തന്റെ സ്വപ്‌ന പദ്ധതി അവതരിപ്പിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ പോലും ശ്രദ്ധിക്കപ്പെട്ട പ്രൊജക്ടിനെ തേടി നിരവധി അംഗീകാരങ്ങളാണ് എത്തിയിരിക്കുന്നത്. കേരളത്തിന്റെ തീരനഗരങ്ങളിലെല്ലാം വികസനത്തിന്റെ പുതിയ മേല്‍വിലാസം തീര്‍ക്കുന്ന ഹബ്ബില്‍ ബസ് സ്റ്റേഷന്‍, മെട്രോ സ്റ്റേഷന്‍, ബുള്ളറ്റ് ട്രെയിന്‍, ഷോപ്പിംഗ് മാള്‍ എന്നിവയെല്ലാം ക്രമീകരിച്ചിട്ടുണ്ട്.
തീരദേശ മേഖലയുടെ കാലാവസ്ഥക്ക് അനുയോജ്യമായി രൂപകല്‍പന ചെയ്ത ഹബ്ബ് കടലിലേക്ക് തുറന്നിട്ട നിലയില്‍ അവതരിപ്പിക്കുന്നത് ഏറെ ആകര്‍ഷകമാണ്. താഴെ നിലയില്‍ ബസ് സ്റ്റേഷന്‍, പാര്‍ക്കിംഗ്, ഒന്നാം നിലയില്‍ മെട്രോ സ്റ്റേഷന്‍, രണ്ടാം നിലയില്‍ അതിവേഗ റെയില്‍പാത, മൂന്നാം നിലയില്‍ ഷോപ്പിംഗ് മാള്‍ എന്നിങ്ങനെയാണ് അവതരിപ്പിക്കുന്നത്.
നഗരപ്രദേശങ്ങളില്‍ മെട്രോയില്‍ യാത്ര ചെയ്യുന്നതിലൂടെ ഗതാഗത പ്രശ്‌നം പരിഹരിക്കാമെന്നതിന് പുറമെ മറ്റു നഗരങ്ങളുമായി അതിവേഗ പാതയിലൂടെ ബന്ധിപ്പിക്കുന്നുമുണ്ട്. കടലും കേരളത്തിന്റെ പ്രകൃതി ഭംഗിയും ആസ്വദിച്ച് യാത്ര ചെയ്യാമെന്നതും ഈ പദ്ധതിയുടെ പ്രത്യേകതയാണ്.
കേരളത്തില്‍ അവതരിപ്പിക്കപ്പെട്ട പദ്ധതികളെല്ലാം ജനവാസ കേന്ദ്രങ്ങള്‍ മൂലം തടസ്സപ്പെടുന്ന സാഹചര്യത്തിലാണ് കടല്‍ക്കരയിലുള്ള ഈ ബദല്‍ നിര്‍ദേശം ശ്രദ്ധിക്കപ്പെടുന്നത്. ദുബൈ സര്‍ക്കാറിനും ഖത്തര്‍ സര്‍ക്കാറിനും സമര്‍പ്പിക്കപ്പെട്ട പദ്ധതിക്ക് നാഷനല്‍ ആര്‍ക്കിടെക്ച്വല്‍ എക്‌സലന്‍സി അവാര്‍ഡ്, ഡിഗ്രി ആന്റ് ഇന്റര്‍ നാഷനല്‍ അവാര്‍ഡ്, എ ഡിസൈന്‍ അവാര്‍ഡ് എന്നിങ്ങനെ ദേശീയ അന്തര്‍ദേശീയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
അടുത്തു തന്നെ പദ്ധതി കേരള സര്‍ക്കാറിന് സമര്‍പ്പിക്കാനിരിക്കുകയാണ്. താത്പര്യപ്പെടുന്ന മറ്റു സംസ്ഥാനങ്ങള്‍ക്കും പദ്ധതി സമര്‍പ്പിക്കും.
മറ്റു പദ്ധതികളെ അപേക്ഷിച്ച് ചെലവ് കുറവാണെന്നതും പ്രകൃതിക്ക് അനുയോജ്യമാണെന്നതുമാണ് പ്ലോട്ടിംഗ് ഹബ്ബിന്റെ മറ്റു പ്രത്യേകതകള്‍. ബീജാപൂര്‍ ബി എല്‍ ഡി കോളജില്‍ അര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥിയായിരിക്കെ 2012 ലാണ് അഫ്‌നാന്‍ തന്റെ സ്വപ്‌നപദ്ധതി അവതരിപ്പിക്കുന്നത്.
തലശ്ശേരി കാളിയത്ത് റോഡ് മന്‍ഹലില്‍ മുഹമ്മദ് അശ്‌റഫിന്റെ മകനായ അഫ്‌നാന്‍ ഇപ്പോള്‍ മര്‍കസ് ആര്‍ക്കിടെക്റ്റില്‍ പ്രിന്‍സിപ്പല്‍ ആര്‍കിടെക്റ്ററാണ്. മര്‍കസ് നോളജ് സിറ്റിയിലെ സംരംഭങ്ങളിലെല്ലാം ഈ യുവ ആര്‍ക്കിടെക്റ്ററുടെ ഭാവനകളുണ്ട്.