കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം ഇന്നു തുടങ്ങും

Posted on: November 27, 2014 12:47 am | Last updated: November 26, 2014 at 10:48 pm

കാസര്‍കോട്: കാസര്‍കോട് ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവം ഇന്നു മുതല്‍ ഡിസംബര്‍ നാലു വരെ കാസര്‍കോട്ട് നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട് ഗവ. വൊക്കേഷണല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എ യു പി സ്‌കൂള്‍ നെല്ലിക്കുന്ന്, ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കാസര്‍കോട് എന്നിവിടങ്ങളിലായാണ് കലോത്സവമത്സരങ്ങള്‍ നടക്കുക.
കാസര്‍കോട് നഗരസഭയിലെയും ഏഴു പഞ്ചായത്തുകളിലെയും 153 സ്‌കൂളുകളിലെ 4257 മത്സരാര്‍ഥികളാണ് കലോത്സവത്തില്‍ മത്സരിക്കുക. എല്‍ പി വിഭാഗത്തില്‍ 994 വിദ്യാര്‍ഥികളും യു പി വിഭാഗത്തില്‍ 1044 ഉം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 1193 ഉം ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 964 വിദ്യാര്‍ഥികളും തങ്ങളുടെ കലാപാടവം വേദിയിലെത്തിക്കും.
കൂടാതെ കന്നട വിഭാഗത്തില്‍ 164 കുട്ടികളും മത്സരത്തില്‍ പങ്കെടുക്കും.
കലോത്സവത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് നെല്ലിക്കുന്ന് എ യു പി സ്‌കൂളില്‍ നഗരസഭാ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല നിര്‍വഹിക്കും. അബ്ബാസ് ബീഗം അധ്യക്ഷത വഹിക്കും. പരിപാടിക്ക് തുടക്കം കുറിച്ച് രാവിലെ എ ഇ ഒ. പി രവീന്ദ്രന്‍ പതാക ഉയര്‍ത്തും. സമാപന സമ്മേളനം ഡിസംബര്‍ നാലിന് വൈകിട്ട് കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി ഉദ്ഘാടനം ചെയ്യും. ജി നാരായണന്‍ അധ്യക്ഷത വഹിക്കും. ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ് മുഖ്യാതിഥിയായിരിക്കും. വിജയികള്‍ക്ക് നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ താഹിറ സത്താര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
പത്രസമ്മേളനത്തില്‍ ജി നാരായണന്‍, എ എസ് മുഹമ്മദ്കുഞ്ഞി, പി രവീന്ദ്രനാഥ്, എം ചന്ദ്രകല, എം ബി അനിതാഭായ്, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ സംബന്ധിച്ചു.
പരിപാടിക്കു മുന്നോടിയായി കാസര്‍കോട് നഗരത്തില്‍ വിളംബര ജാഥ നടത്തി. ജി നാരായണന്‍, അബ്ബാസ് ബീഗം, എം ബി അനിതാഭായ്, എം ചന്ദ്രകല, എ എസ് മുഹമ്മദ്കുഞ്ഞി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.