ദേശീയ പാത ഇരകളുടെ കലമുടക്കല്‍ സമരം നാളെ

Posted on: November 26, 2014 10:17 am | Last updated: November 26, 2014 at 10:17 am

indian roadമലപ്പുറം: ദേശീയ പാതക്കായി ഭൂമിയേറ്റെടുക്കുമ്പോള്‍ സ്ഥലം നഷ്ടപ്പെടുന്നവര്‍ കലക്ടറേറ്റ് പടിക്കല്‍ നാളെ രാവിലെ 10ന് കലമുടക്കല്‍ സമരം നടത്തും. 30 മീറ്ററില്‍ ആറുവരിപ്പാത യാഥാര്‍ഥ്യമാക്കുക, 45 മീറ്ററ് നാല് വരിപ്പാതക്കായി ഇറക്കിയിട്ടുള്ള സ്ഥലമെടുപ്പ് വിജ്ഞാപനങ്ങള്‍ പിന്‍വലിക്കുക, മുപ്പത് മീറ്റര്‍ സ്ഥലം വിട്ട് കൊടൂക്കുമ്പോള്‍ വീടും ഭൂമിയും കടകളും തൊഴില്‍ സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവര്‍ക്ക് വിപണിവില മുന്‍കൂറായി നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. രാവിലെ 10ന് മുന്‍മന്ത്രി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. 45 മീറ്റര്‍ സ്ഥലമേറ്റെടുത്താല്‍ മലപ്പുറം ജില്ലയില്‍ മാത്രം പതിനായിരത്തോളം പേര്‍ കുടിയിറങ്ങേണ്ടി വരും. മുപ്പത് മീറ്ററാണെങ്കില്‍ 500ല്‍ താഴെ പേരെ കുടിയിറങ്ങേണ്ടതായി വരികയുള്ളു. നാല്‌വരി ചുങ്കപ്പാതയല്ല, സര്‍ക്കാര്‍ പണിയുമെന്ന് ഉറപ്പ് നല്‍കിയ ആറ് വരിപ്പാതയാണ് കൂടുതല്‍ വികസനം സൃഷ്ടിക്കുന്നതെന്നും എന്‍ എച്ച് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. ഡോ. ആസാദ്, അബുലൈസ് തേഞ്ഞിപ്പലം, വി പി ഉസ്മാന്‍ ഹാജി, ഇല്യാസ് വെട്ടിച്ചിറ, ഇഖ്ബാല്‍ പുത്തനത്താണി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.