Connect with us

Malappuram

കല്ല് മലയിലെ ക്രഷര്‍ യൂനിറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കാന്‍ പഞ്ചായത്ത് തീരുമാനം

Published

|

Last Updated

വണ്ടൂര്‍: കല്ല് മലയില്‍ പ്രവര്‍ത്തനം തുടങ്ങിയ എം സാന്‍ഡ് ക്രഷര്‍ യൂനിറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. തിരുവാലി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടേതാണ് തീരുമാനം.
ജനങ്ങളുടെ സൈ്വര ജീവിതത്തിന് വിഘാതമാകുമെന്ന് മുന്നറിയിപ്പ് നല്‍കി പ്രദേശവാസികള്‍ മുഖ്യമന്ത്രി, റവന്യു മന്ത്രി, വണ്ടൂര്‍ എം എല്‍ എ കൂടിയായ ടൂറിസം മന്ത്രി എ പി അനില്‍ കുമാര്‍, ജില്ലാകലക്ടര്‍, തഹസില്‍ദാര്‍, ജില്ല മെഡിക്കല്‍ ഓഫീസര്‍, മാലിന്യ നിയന്ത്രണ ബോര്‍ഡ്, ഹരിത ട്രിബൂണല്‍, തിരുവാലി പഞ്ചായത്ത് അധികൃതര്‍, വില്ലേജ് തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയ പശ്ചാത്തലത്തിലാണ് എം സാന്‍ഡ് യൂനിറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കാന്‍ തിരുവാലി ഭരണസമിതിയോഗം തീരുമാനിച്ചത്. തിരുവാലി, വണ്ടൂര്‍ പഞ്ചായത്തുകളിലായാണ് കല്ലുമല വ്യാപിച്ചു കിടക്കുന്നത്. പുതിയ പദ്ധതി വരുന്ന വിവരമറിഞ്ഞ പ്രദേശത്തുകാര്‍ പരാതികളുമായി ബന്ധപ്പെട്ടവരെ സമീപിച്ചിരുന്നു. എന്നാല്‍ പലരെയും സ്വാധീനിച്ച് യൂനിറ്റിന് നിര്‍മാണാനുമതി സമ്പാദിക്കുകയായിരുന്നുവെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
പഞ്ചായത്തിലെ ചില മെമ്പര്‍മാര്‍ക്കെതിരെയും ഗുരുതരമായ അഴിമതി ആരോപണവും ഉയര്‍ന്നിരുന്നു. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവരുടെ യോഗം വിളിക്കാനും തീരുമാനിച്ചതായി തിരുവാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ടി ഹുസൈന്‍ ഹാജി അറിയിച്ചു. പദ്ധതി പ്രദേശം മിച്ച ഭൂമിയായിരുന്നുവെന്നും വ്യാജ രേഖകള്‍ ചമച്ചാണ് ക്വാറി മാഫിയ കല്ല് മല സ്വന്തമാക്കിയതെന്നും നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അതെസമയം ക്രഷര്‍ യൂനിറ്റിന് ലൈസന്‍സ് നല്‍കിയതിനെ ചൊല്ലി ഭരണസമിതിയായ യു ഡി എഫില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി കെ ജയദേവനാണ് അനുമതി നല്‍കിയതെന്നാണ് നിലവിലെ പ്രസിഡന്റ് സി ടി ഹുസൈന്‍ ഹാജി പറഞ്ഞു.
എന്നാല്‍ തിരിച്ചാണ് സംഭവിച്ചതെന്നാണ് മുന്‍ പ്രസിഡന്റും യു ഡി എഫ് മെമ്പറുമായ സികെ ജയദേവന്‍ അറിയിച്ചു. അതെസമയം ക്രഷര്‍ യൂനിറ്റ് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയത് മുന്‍ പഞ്ചായത്ത് പ്രസിഡന്റായ സി കെ ജയദേവ് തന്നെയാണെന്ന് എം സാന്‍ഡ് ഉടമ വി എം നാണി അറിയിച്ചു. പഞ്ചായത്തിന്റെ പ്രവര്‍ത്തന അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം പ്രവൃത്തികള്‍ തുടങ്ങിയത്. ജോലികള്‍ പകുതി തീര്‍ത്തപ്പോഴാണ് നാട്ടുകാര്‍ പരാതിയുമായി രംഗത്തുവന്നത്. നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് സി ടി ഹുസൈന്‍ ഹാജി പഞ്ചായത്ത് ബോര്‍ഡ് യോഗം ചേര്‍ന്ന് അഞ്ച് അംഗ കമ്മിറ്റിയെ പ്രശ്‌നം പഠിക്കാന്‍ അയക്കുകയും ജനങ്ങള്‍ക്ക് തടസ്സമില്ലെന്നാണ് അറിയിച്ചതെന്നും നിലവിലെ വിവാദങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും എം സാന്‍ഡ് ഉടമ വി എം നാണി പറഞ്ഞു.