Connect with us

Ongoing News

മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തൊണ്ടവേദനയും പനിയും; പ്രതിരോധ മരുന്ന് ലഭിക്കാത്തത് ഭീതി പടര്‍ത്തുന്നു

Published

|

Last Updated

തിരുവനന്തപുരം: പക്ഷിപ്പനി വ്യാപകമാകുമ്പോഴും ആവശ്യമായ പ്രതിരോധ മരുന്ന് ലഭ്യമാകാത്തത് ആശങ്ക വര്‍ധിപ്പിക്കുന്നു.ആലപ്പുഴയില്‍ ഇന്നലെ 60 പേര്‍ക്ക് നല്‍കാനുള്ള മരുന്ന് മാത്രമാണ് സര്‍ക്കാരിന് എത്തിക്കാനായത്. കേരളത്തില്‍ ഈ മരുന്ന് സ്റ്റോക്ക് ഇല്ലാത്തതിനാല്‍ ആന്ധ്രാപ്രദേശില്‍ നിന്നാണ് കൊണ്ടുവന്നത്. താറാവുമായി അടുത്ത് ഇടപെഴകുന്ന കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള ഒരുലക്ഷത്തോളം പേര്‍ക്ക് പ്രതിരോധ മരുന്ന് നല്‍കുകയെന്നത് ഇപ്പോഴും വെല്ലുവിളിയായി തുടരുന്നു. ആവശ്യമായ പ്രതിരോധ മരുന്ന് ഡല്‍ഹിയില്‍ നിന്ന് ഇന്ന് വൈകുന്നേരത്തോടെ എത്തിക്കുമെന്നും അതിന് ശേഷം നാളെ മുതല്‍ താറാവുകളെ കൊന്നൊടുക്കുമെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുകന്നത്.പക്ഷിപ്പനി മനുഷ്യരെ ബാധിച്ചിട്ടുണ്ടോയെന്ന് സാമ്പിള്‍ എടുത്ത് പരിശോധിക്കാനും ആരോഗ്യവകുപ്പിന് സംവിധാനമില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കുട്ടനാട് അടക്കമുള്ള പ്രദേശങ്ങളിലെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോസ്ഥര്‍ രോഗഭീതിയിലാണ്. ഇവരില്‍ പലര്‍ക്കും തൊണ്ടവേദനയും പനിയും കണ്ടെത്തിയിട്ടുണ്ട്. ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസ് ലബോറട്ടറിയില്‍ നിന്നും പക്ഷിപ്പനി സ്ഥിരീകരിച്ച് അഞ്ച് ദിവസം മുന്‍പ് കേരളത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടും പ്രതിരോധ നടപടികള്‍ വൈകിയത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മന്ത്രിമാരുടെ നിര്‍ദേശപ്രകാരം മൃഗസംരക്ഷണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് റിപ്പോര്‍ട്ട് പൂഴ്ത്തിയതെന്നും ആക്ഷേപമുണ്ട്.

Latest