Connect with us

Malappuram

വള്ളിക്കുന്ന് മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകളുടെ വിഭജന നടപടികള്‍ പുരോഗമിക്കുന്നു

Published

|

Last Updated

തേഞ്ഞിപ്പലം: വള്ളിക്കുന്ന് മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകള്‍ വിഭജിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ക്ക് തുടക്കമായി. മൂന്നിയൂര്‍, പള്ളിക്കല്‍, വള്ളിക്കുന്ന് എന്നീ പഞ്ചായത്തുകള്‍ വിഭജിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയത്.ജനസംഖ്യയില്‍ മൂന്നരട്ടിയോളം വര്‍ധനവുളള പഞ്ചായത്തുകളാണ് ഇവകള്‍.
മൂന്ന് പഞ്ചായത്തുകളിലും വിഭജനത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് ഭരണസമിതി പൂര്‍ണ്ണമായി അംഗീകാരം നല്‍കി. സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് മൂന്ന് പഞ്ചായത്തുകളിലെയും അധികൃതര്‍ പഞ്ചായത്ത് വകുപ്പിന് കൃത്യമായ രൂപരേഖ നല്‍കുകയും പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ മൂന്ന് പഞ്ചായത്തുകളില്‍ പരിശോധന നടത്തുകയും റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ ഈ മൂന്ന് പഞ്ചായത്തുകളില്‍ നിന്നും വിഭജനം സംബന്ധിച്ച വിവരങ്ങള്‍ ഈ മാസം 28ന് മുമ്പ് സംസ്ഥാന സര്‍ക്കാറിന് കൈമാറും. വള്ളിക്കുന്ന് പഞ്ചായത്ത് വിഭജിച്ച് അരിയല്ലൂര്‍ എന്ന പേരിലും മൂന്നിയൂര്‍ വിഭജിച്ച് വെളിമുക്ക് എന്ന പേരിലും പള്ളിക്കല്‍ വിഭജിച്ച് കരിപ്പൂര്‍ എന്ന പേരിലും പഞ്ചായത്തുകള്‍ രൂപവത്കരിക്കാനാണ് നിര്‍ദ്ദേശം ഉണ്ടായിരുന്നത്.
ഡി ഡി പി യുടെ പരിശോധനകള്‍ക്ക് ശേഷം പഞ്ചായത്ത് വിഭജിക്കുന്നതിനായി അന്തിമനിര്‍ദ്ദേശങ്ങള്‍ക്ക് കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണ സമിതി യോഗങ്ങള്‍ അംഗീകാരം നല്‍കി. വള്ളിക്കുന്ന,് മൂന്നിയൂര്‍ പഞ്ചായത്ത് ഭരണ സമിതി യോഗവും സര്‍വ്വ കക്ഷി യോഗവുമാണ് വിഭജന നിര്‍ദ്ദേശത്തിനുള്ള അംഗീകാരം നല്‍കിയത്. ജന സംഖ്യ 15000 ഉണ്ടെങ്കില്‍ വിഭജിക്കണമെന്നാണ് ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദേശം. എന്നാല്‍ ഈ മൂന്ന് പഞ്ചായത്തുകളിലും 50000 ന് മുകളിലാണ് ജന സംഖ്യ. ഇതനുസരിച്ചാണ് ഈ മൂന്ന് പഞ്ചായത്തുകളും വിഭജിക്കാനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ ഉപ സമിതിക്ക് നല്‍കിയിരുന്നത്. അതേസമയം പഞ്ചായത്ത് വിഭജിക്കുന്നതോടൊപ്പം പുതുതായി വരുന്ന പഞ്ചായത്തിലും 25000 ത്തിന് മുകളില്‍ ജന സംഖ്യ ഉണ്ടാവുമെന്നാണ് പ്രതീക്ഷ.

Latest