അനധികൃത കെട്ടിട നിര്‍മാണം: തിരൂര്‍ നഗരസഭക്കെതിരെ സി പി എം

Posted on: November 25, 2014 11:05 am | Last updated: November 25, 2014 at 11:05 am

തിരൂര്‍: നഗരസഭയിലെ അനധികൃത കെട്ടിട നിര്‍മ്മാണം നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ ഭരണ സമിതി നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് സി പി എം പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു.
അനധികൃതമായി കെട്ടിട നിര്‍മാണം നടത്തിയതായി വിജിലന്‍സ് കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കും കച്ചവട സമുച്ചയങ്ങള്‍ക്കും എതിരെ നടപടിയെടുത്തില്ലെങ്കില്‍ കെട്ടിടങ്ങളില്‍ നോട്ടീസ് പതിച്ച് സമരം ആരംഭിക്കുമെന്ന് സി പി എം ഏരിയാ സെക്രട്ടറി എ ശിവദാസന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒമ്പതോളം കെട്ടിടങ്ങള്‍ നഗരസഭാ പരിധിക്കുള്ളില്‍ ചട്ടം ലംഘിച്ചുകൊണ്ട് നിര്‍മാണം നടത്തിയതാണെന്ന് ആഴ്ചകള്‍ക്ക് മുമ്പ് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതിനെതിരെ ഭരണ സമിതി ഒരു നടപടിയും എടുത്തിരുന്നില്ല.
അധികാരത്തിന്റെ പഴുതുകളുപയോഗിച്ച് ലീഗ് ഭരണ സമിതി അനധികൃത കെട്ടിട നിര്‍മാണത്തിന് ഒത്താശ ചെയ്ത് കൊടുത്തതാണെന്നും സി പി എം ആരോപിച്ചു. വിജിലന്‍സ് കണ്ടെത്തിയതുള്‍പ്പെടെ നഗരത്തില്‍ അന്‍പതിലധികം കെട്ടിടങ്ങള്‍ മുനിസിപ്പല്‍ ബില്‍ഡിംങ് ആക്റ്റ് ലംഘിച്ചാണ് നിര്‍മാണം നടത്തിയതെന്നും സി പിഎം ചൂണ്ടിക്കാട്ടി.
തിരൂര്‍ പുഴയോരത്ത് സ്ഥലം കൈയേറിയും നിര്‍മാണം നടത്തിയിട്ടുണ്ട്. ചട്ടം ലംഘിച്ച കെട്ടിടങ്ങളില്‍ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രി, പാര്‍ട്ടി ഓഫീസ്, കച്ചവട സ്ഥാപനങ്ങള്‍ എന്നിവയാണ്. ഇതെല്ലാം ലീഗ്കാരുടേതും ലീഗ് കൗണ്‍സിലര്‍മാരുടെ ബന്ധുക്കളുള്‍പ്പടെയുള്ളവരുടേതാണെന്നും അവര്‍ ആരോപിച്ചു. മുസ്‌ലിം ലീഗിലെ ഒരു വിഭാഗത്തെ കുടുക്കാനായി മറുവിഭാഗം നല്‍കിയ പരാതിയിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. ലീഗിലെ വീഭാഗീയത മറനീക്കി പുറത്തുവന്നതോടെ അവര്‍ക്കു തന്നെ വിജിലന്‍സ് പരിശോധന തിരിച്ചടിയായിരിക്കുകയാണ്.
വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭാ പ്രതിപക്ഷ നേതാവ് കെ കൃഷ്ണന്‍ നായര്‍, കൗണ്‍സിലര്‍മാരായ പി പി ലക്ഷ്മണന്‍, അഡ്വ. എസ് ഗിരീഷ്, കെ സുധാകരന്‍, അഡ്വ.പി ഹംസക്കുട്ടി എന്നിവരും പങ്കെടുത്തു.