മീഡിയശ്രീ: മാധ്യമ രംഗത്തേക്ക് കുടുംബശ്രീയും

Posted on: November 25, 2014 10:48 am | Last updated: November 25, 2014 at 10:48 am

kudumbasree photo-knrകോഴിക്കോട്: സ്ത്രീ ശാക്തീകരണ മേഖലയില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്ത്രീ സംഘടനയായ കുടുംബശ്രീ മാധ്യമ രംഗത്തേക്കു കൂടി ചുവടുവെക്കുന്നു. കുടുംബശ്രീയുടെ പുതിയ മാധ്യമ സംരംഭമായ ‘മീഡിയശ്രീ’യുടെ മേഖലാതല ശില്‍പ്പശാല സംസ്ഥാന മിഷന്‍ പ്രോഗ്രാം മാനേജര്‍ ഡോ. രാഹുല്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളുടെയും മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെയും ചരിത്രവും കുടുംബശ്രീയുടെ വികസന പ്രവര്‍ത്തനങ്ങളും പുറംലോകത്തെത്തിക്കാനുള്ള പഠന പ്രക്രിയയാണ് ഇതിന്റെ ആദ്യപടി. പിന്നീട് കുടുംബശ്രീ വനിതകള്‍ക്ക് റിപ്പോര്‍ട്ടിംഗ്, എഡിറ്റിംഗ്, വീഡിയോഗ്രഫി തുടങ്ങിയ മേഖലയില്‍ പരിശീലനം നല്‍കി പത്രപ്രവര്‍ത്തന മേഖലയിലേക്ക് അവരെ കൊണ്ടുവരും.
കുടുംബശ്രീക്ക് സ്വന്തമായൊരു ചാനല്‍ ആരംഭിക്കുന്നതിനും മീഡിയശ്രീ പദ്ധതി മുന്നോട്ടുവെക്കുന്നുണ്ട്. മലപ്പുറം അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഇ ഒ അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു. മീഡിയശ്രീ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ വി. ദീപ്തിഷ് ക്ലാസെടുത്തു.
പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ സലാം, സംസ്ഥാന മിഷന്‍ ടീം ലീഡര്‍ വി ബിബിന്ദ്, മലപ്പുറം എ ഡി എം. സി കെ അബ്ദുല്‍ ബഷീര്‍ പ്രസംഗിച്ചു. കോഴിക്കോട് കുടുംബശ്രീ ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ ( ഇന്‍ ചാര്‍ജ്) കെ എം അബ്ദുല്‍ നിസാര്‍ സ്വാഗതവും എം പി മുനീര്‍ നന്ദിയും പറഞ്ഞു.