Connect with us

Kerala

റിപ്പോര്‍ട്ട് ചോര്‍ത്തിയതില്‍ നടപടി ആവശ്യപ്പെട്ട് രാഹുല്‍ ആര്‍ നായരുടെ പരാതി

Published

|

Last Updated

തിരുവനന്തപുരം: തനിക്കെതിരായ ഇന്റലിജന്‍സ്, വിജിലന്‍സ് റിപ്പോര്‍ട്ടുകള്‍ ചോര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് സസ്‌പെന്‍ഷനില്‍ കഴിയുന്ന മുന്‍ എസ് പി രാഹുല്‍ ആര്‍ നായര്‍ ആഭ്യന്തരമന്ത്രിക്കും സംസ്ഥാനപോലീസ് മേധാവിക്കും പരാതി നല്‍കി. കൈക്കൂലി വാങ്ങിയെന്ന റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വ ശ്രമം നടന്നതായും പരാതിയിലുണ്ട്. ഇതുമൂലം തനിക്കും കുടുംബത്തിനും മാനഹാനി സംഭവിച്ചു. ഭാര്യക്ക് ജോലി രാജിവെക്കേണ്ട സാഹചര്യം പോലും വന്നതായി പരാതിയില്‍ പറയുന്നു.
അടച്ചുപൂട്ടിയ ക്വാറി തുറക്കാന്‍ കോഴ വാങ്ങിയെന്ന കേസില്‍പ്പെട്ടതിനാണ് പത്തനംതിട്ട എസ് പിയായിരുന്ന രാഹുല്‍ ആര്‍ നായരെ സസ്‌പെന്‍ഡ് ചെയ്തത്. വിജിലന്‍സ് കോടതിയില്‍ രാഹുലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പത്തനംതിട്ട എസ് പിയായിരുന്നപ്പോള്‍ രാഹുല്‍ ക്വാറി ഉടമയില്‍ നിന്ന് 17 ലക്ഷം വാങ്ങിയെന്നാണ് ആരോപണം. കൈക്കൂലി ഇടപാടിന് വ്യക്തമായ തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. രാഹുലിനെതിരെ കടുത്ത നടപടി വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ശിപാര്‍ശയും നല്‍കി. തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.
അടച്ചുപൂട്ടിയ ക്വാറികള്‍ തുറക്കാനായി എ ഡി ജി പി ശ്രീലേഖയും ഐ ജി മനോജ് എബ്രഹാമും സമ്മര്‍ദം ചെലുത്തിയെന്നാണ് രാഹുല്‍ നായര്‍ വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു. അതേസമയം, രാഹുല്‍ ആര്‍ നായര്‍ക്കെതിരെ ഐ ജി മനോജ് എബ്രഹാവും എ ഡി ജി പി ശ്രീലേഖയും നേരത്തെ ഡി ജി പിക്ക് പരാതി നല്‍കിയിരുന്നു. സത്യസന്ധമല്ലാത്ത കാര്യങ്ങള്‍ മൊഴിയില്‍ പറഞ്ഞ രാഹുല്‍ കടുത്ത അച്ചടക്ക ലംഘനം നടത്തിയെന്നും മൊഴിപ്പകര്‍പ്പ് പുറത്തുവിട്ട് മാനനഷ്ടം ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നുമായിരുന്നു പരാതി.