എബോള: ജില്ലകളില്‍ ദ്രുതകര്‍മ ചികിത്സാ സംഘങ്ങളെ വിന്യസിപ്പിച്ചു

Posted on: November 25, 2014 5:05 am | Last updated: November 24, 2014 at 11:06 pm

ebola-virus3തിരുവനന്തപുരം: സംസ്ഥാനത്തെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും എബോള നിരീക്ഷണം ശക്തിപ്പെടുത്തി. എല്ലാ ജില്ലകളിലും ദ്രുതകര്‍മ ചികിത്സാ സംഘങ്ങളെ വിന്യസിപ്പിച്ചതായും ആരോഗ്യ മന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു.
കേരളത്തില്‍ എബോള വൈറസ്ബാധ സംബന്ധിച്ച് ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം റസ്റ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ മന്ത്രി ഇക്കാര്യം അറിയിച്ചത്. ലോകാരോഗ്യ സംഘടനയുടെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും നിര്‍ദേശങ്ങളനുസരിച്ചുള്ള എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിക്കഴിഞ്ഞു.
തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍, തെര്‍മോസ്‌കാനര്‍, ഫഌഷ് തെര്‍മോമീറ്റര്‍ മുതലായ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്.
യാത്രക്കാരുടെ ശരീരോഷ്മാവ് രണ്ട് മുതല്‍ മൂന്ന് മീറ്റര്‍ വരെ അകലെ നിന്ന് അളക്കാവുന്ന അത്യാധുനിക ഉപകരണമാണ് തെര്‍മോസ്‌കാനര്‍. ഇതുപയോഗിച്ച് ലഭിക്കുന്ന സൂചന, യാത്രക്കാരെ തൊടാതെ തന്നെ, സ്ഥീകരിക്കാനുതകുന്ന ഉപകരണമാണ് ഫഌഷ് തെര്‍മോമീറ്റര്‍.
തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലും എറണാകുളം തിരുവനന്തപുരം, കോഴിക്കോട് ജനറല്‍ ആശുപത്രികളിലുമാണ് ഐസൊലേറ്റഡ് വാര്‍ഡുകള്‍ സജ്ജമാക്കി ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. യാത്രക്കാരുടെ സഹായത്തിനും സംശയ ദൂരീകരണത്തിനുമായി ടോള്‍ഫ്രീ നമ്പറുകളും ഏര്‍പ്പെടുത്തി. ബി എസ് എന്‍ എല്‍ ലാന്‍ഡ് ഫോണില്‍ നിന്ന് വിളിക്കാവുന്ന 056, എല്ലാ ഫോണുകളില്‍ നിന്നും വിളിക്കാവുന്ന 0471 2552056 എന്നിവയാണ് അവ. തിങ്കളാഴ്ച രാവിലെ ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇത് സംബന്ധിച്ച് ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ വിലയിരുത്തി.