ലഹരിക്കെതിരെ പ്രചാരണവുമായി മൊബൈല്‍ യൂണിറ്റ്

Posted on: November 25, 2014 12:43 am | Last updated: November 24, 2014 at 10:44 pm

കാസര്‍കോട്: സമൂഹത്തില്‍ പടര്‍ന്നുപിടിക്കുന്ന, മദ്യവിപത്ത് ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗത്തിനെതിരേ സംസ്്ഥാന സര്‍ക്കാരിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മലബാര്‍ റീജിയണില്‍ ആവിഷ്‌കരിച്ച മൊബൈല്‍ യൂണിറ്റിന്റെ പര്യടനം ആരംഭിച്ചു.

കാസര്‍കോട് കലക്ടറേറ്റില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എന്‍ എന്‍ നെല്ലിക്കുന്ന് എം എല്‍ എ പരിപാടി ഉത്ഘാടനം ചെയ്ത് പര്യടന യാത്ര ഫഌഗ് ഓഫ് ചെയ്തു. സാമൂഹ്യവിപത്തായിരിക്കുന്ന മദ്യം ഉള്‍പ്പെടെയുള്ള ലഹരിക്കെതിരായ പോരാട്ടത്തില്‍ എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു.
നമ്മുടെ വിദ്യാലയങ്ങളെയും കലാലയങ്ങളെയും ഉള്‍പ്പെടെ എല്ലാവിധ രംഗങ്ങളെയും ഈവിപത്തില്‍നിന്നു മോചിപ്പിക്കാന്‍ കഴിയണം. എ ഡി എം. എച്ച് ദിനേശന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ഷുക്കൂര്‍, ജില്ലാ അക്ഷയ കോ ഓര്‍ഡിനേറ്റര്‍ കരീം കോയക്കില്‍ പ്രസംഗിച്ചു.
പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ അബ്ദുറഹ്മാന്‍ പ്രചാരണ പരിപാടിയെക്കുറിച്ചു വിശദീകരിച്ചു. അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ ബി ബിജു സ്വാഗതം പറഞ്ഞു. കലക്ടറേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ജീവനക്കാരും അക്ഷയ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.
രണ്ടാംദിവസമായ ഇന്ന് മൊബൈല്‍ യുണിറ്റിന്റെ പ്രയാണം ബോവിക്കാനത്ത് നിന്നും ആരംഭിച്ച് ചെര്‍ക്കള, മുള്ളേരിയ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ചട്ടഞ്ചാലില്‍ എത്തും.