മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും സ്‌കില്‍ പാര്‍ക്കുകള്‍ ആരംഭിക്കും: മന്ത്രി

Posted on: November 24, 2014 11:27 pm | Last updated: November 24, 2014 at 11:27 pm

കോഴിക്കോട്: സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌കില്‍ പാര്‍ക്കുകള്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ്. ഇതിനായി ഏഷ്യന്‍ ഡവലപ്‌മെന്റ് ബേങ്കിന്റെ 600 കോടി സാമ്പത്തിക സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ കോളജ് ക്യാമ്പസ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അസാപ് (അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം) സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററിന്റെയും ഹയര്‍ സെക്കന്‍ഡറി എജ്യൂക്കേഷന്‍ 500 ാം എന്‍ എസ് എസ് യൂനിറ്റിന്റേയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
അസാപിന്റെ സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററുകളില്‍ പ്രതി വര്‍ഷം 100 മണിക്കൂര്‍ കമ്മ്യൂനിക്കേറ്റീവ് ഇംഗ്ലീഷില്‍ പരിശീലനം നല്‍കും. കൂടാതെ 80 മണിക്കൂര്‍ ഐ ടി അടിസ്ഥാന വിവരങ്ങളും 120 മണിക്കൂര്‍ വിദ്യാര്‍ഥികള്‍ തിരഞ്ഞെടുക്കുന്ന മേഖലകളിലും പരിശീലനം നല്‍കും. ഇങ്ങനെ അഞ്ച് വര്‍ഷം കൊണ്ട് മൂന്ന് ലക്ഷം വിദ്യാര്‍ഥികളെ മികച്ച നിലവാരത്തിലെത്തിക്കുമെന്ന് മന്ത്രി പറഞ്ഞു.
കോഴിക്കോട് ജില്ലയില്‍ 100 സ്‌കൂളുകളില്‍ അസാപിന്റെ സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററുകള്‍ തുടങ്ങും. സാമൂഹിക നീതി മന്ത്രി ഡോ. എം കെ മുനീര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ എന്‍ അമ്പിളി, അസാപ് കേരള ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. എം ടി രജി, കെ ദേവകി, എ സുബൈര്‍കുട്ടി പ്രസംഗിച്ചു.