അജ്ഞാത ജീവി മൂന്ന് ആടുകളെ കടിച്ചു കൊന്നു

Posted on: November 24, 2014 10:12 am | Last updated: November 24, 2014 at 10:12 am

തിരൂര്‍: തീരദേശ മേഖലകളില്‍ അജ്ഞാത ജീവിയുടെ ആക്രമണം തുടര്‍ക്കഥയാകുന്നു. ഇന്നലെ പറവണ്ണ ആലിന്‍ചുവട് ഭാഗത്ത് പുലിയെന്നു സംശയിക്കുന്ന അംജ്ഞാത ജീവി മൂന്ന് ആടുകളെ കടിച്ച നിലയില്‍.
പറവണ്ണ ആലിന്‍ചുവടിന് സമീപം താമസിക്കുന്ന കുഞ്ഞിന്റെ പുരക്കല്‍ ഖാലിദ്കുട്ടി, വലിയകത്ത് ഇസ്മാഈല്‍ എന്നിവരുടെ വീടുകളിലാണ് മൂന്ന് ആടുകളെ അജ്ഞാത ജീവി കടിച്ചു കൊന്നതായി കണ്ടെത്തിയത്. കൂടിന്റെ പലക ഇളക്കി തകര്‍ത്താണ് ആടുകളെ കടിച്ചു കൊലപ്പെടുത്തിയത്. ഒരു വീട്ടില്‍ നിന്നും രണ്ട് ആടുകളെയും മറ്റൊരു വീട്ടില്‍ നിന്നും ഒരു ആടിനെയുമാണ് കടിച്ചത്. ആടിന്റെ പുകുതി ഭാഗം മാത്രമായിരുന്നു കൂടിന് സമീപം കണ്ടത്. മറ്റ് രണ്ട് ആടുകളുടെ തല കടിച്ച് അറുത്ത നിലയിലുമാണ് കണ്ടെത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയതോടെ ജീവി രക്ഷപ്പെടുകയായിരുന്നു. ഇരുണ്ട നിറത്തില്‍ ഉയരം കുറഞ്ഞ രൂപത്തിലാണ് ജീവിയെന്ന് നാട്ടുകാര്‍ പറയുന്നു. ഇത്തരത്തിലുള്ള ജീവിയെ പറവണ്ണ പരിസരങ്ങളില്‍ നിന്നായി പലരും കണ്ടതായും നാട്ടുകാര്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് പറവണ്ണയിലെ ഒരു വീട്ടില്‍നിന്ന് രണ്ട് ആടുകളെയും മറ്റൊരു വീട്ടില്‍ നിന്നായി ഏഴ് കോഴികളെയും അജ്ഞാത ജീവി കൊന്നിരുന്നു.
നായയും പട്ടിയും കടിയേറ്റ നിലയില്‍ കൊല്ലപ്പെടുന്നതും ഈ പരിസരങ്ങളില്‍ തുടര്‍ക്കഥയാണ്. ഇവിടങ്ങളില്‍ അജ്ഞാത ജീവിയുടെ ഭീതി കാരണം രാത്രി സമയങ്ങളില്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. പോലീസും വനംവകുപ്പും ദിവസങ്ങല്‍ക്ക് മുമ്പ് പറവണ്ണയില്‍ പുലിക്കെണി ഒരുക്കിയെങ്കിലും ജീവിയെ പിടിക്കാനായില്ല. നാട്ടില്‍ ഭീതി വിതച്ച് അജ്ഞാത ജീവിയുടെ വിളയാട്ടം തുടര്‍ക്കഥയായിരിക്കുകയാണ്. അധികൃതരുടെ ഭാഗത്ത് നിന്നും സാശ്വത പാരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.