Connect with us

Kozhikode

നാട്ടിലേക്ക് കയറ്റിവിട്ട യുവാവിനെ കാത്ത് മാതാപിതാക്കള്‍

Published

|

Last Updated

താമരശ്ശേരി: പതിനാല് മാസം മുമ്പ് സഊദി അറേബ്യയില്‍നിന്ന് നാട്ടിലേക്ക് കയറ്റിവിട്ട തിരുവമ്പാടി സ്വദേശിയായ യുവാവിനെ കാത്ത് മാതാപിതാക്കള്‍. താഴേ തിരുവമ്പാടി വീരശ്ശേരി കുഞ്ഞിമുഹമ്മദിന്റെ മകന്‍ അബ്ദുസ്സലാമിന്റെ(34) വരവും കാത്താണ് മാതാപിതാക്കള്‍ ഉറക്കമൊഴിച്ചിരിക്കുന്നത്. 2007 ല്‍ സൗദിയിലെ ജോലി സ്ഥലത്തുനിന്ന് ഒളിച്ചോടിയ അബ്ദുസ്സലാമിനെ പോലീസ് പിടികൂടുകയും 2013 സെപ്റ്റംബറില്‍ നാട്ടിലേക്ക് കയറ്റിവിടുകയുമായിരുന്നു. എന്നാല്‍, നാളിതുവരെ അബ്ദുസ്സലാം വീട്ടിലെത്തിയില്ല.

സൗദി അറേബ്യയിലായിരുന്ന കുഞ്ഞിമുഹമ്മദാണ് അബ്ദുസ്സലാമിനെ 2002 ല്‍ സൗദിയിലെത്തിച്ചത്. ബത്ഹയിലെ അബാക്കര്‍ പ്രിന്റിംഗ് പ്രസ്സിലായിരുന്നു ജോലി ലഭിച്ചത്. നാലര വര്‍ഷം കഴിഞ്ഞ് നാട്ടിലെത്തി വിവാഹം കഴിക്കുകയും രണ്ട് മാസത്തിനുശേഷം സഊദിയിലേക്ക് മടങ്ങുകയും ചെയ്തു. അതേ സ്ഥാപനത്തില്‍ ജോലിക്ക് ചേര്‍ന്നെങ്കിലും ശമ്പളം കൂട്ടി നല്‍കാത്തതിനാല്‍ ഒരു മാസത്തിനകം ഒളിച്ചോടുകയായിരുന്നു. നാലര വര്‍ഷത്തോളം കാത്തിരുന്ന ഭാര്യ പിന്നീട് വിവാഹ മോചനം നടത്തി. സൗദിയിലായിരുന്ന കുഞ്ഞിമുഹമ്മദ് നാട്ടിലെത്തിയെങ്കിലും രാവും പകലും മകനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്.
സൗദിയിലുള്ള മലയാളി സംഘടനകളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് 2013 സെപ്റ്റംബര്‍ ഏഴിന് റിയാദിലെ നാടുകടത്തില്‍ കേന്ദ്രത്തില്‍നിന്നും ഇന്ത്യയിലേക്ക് കയറ്റി വിട്ടതായ വിവരം ലഭിച്ചത്. ജോലിസ്ഥലത്തുനിന്നും ഒളിച്ചോടിയതിനാല്‍ പ്‌സ്‌പോര്‍ട്ടോ മറ്റു രേഖകളോ ലഭിച്ചിരുന്നില്ല. തുടര്‍ന്ന് 2011 ല്‍ ഇന്ത്യന്‍ എംബസിയില്‍നിന്നും ഔട്ട് പാസ്സ് നേടിയിരുന്നു. എന്നാല്‍ നാട്ടിലേക്ക് മടങ്ങിയില്ല. ഇതിനിടെയാണ് 2013 ജൂലൈ 26 ന് സൗദി പോലീസ് പിടികൂടിയത്. അനധികൃത താമസത്തിന് ഒരു മസാത്തിലേറെ ജയിലിലടച്ച ശേഷമാണ് 14 മാസം മുമ്പ് ഇന്ത്യയിലേക്ക് കയറ്റിവിട്ടത്.
ഡല്‍ഹിയിലോ ബോംബെയിലോ എത്തിയിരിക്കാമെങ്കിലും വീടുമായി ബന്ധപ്പെട്ടില്ല. മൂന്ന് പെണ്‍മക്കള്‍ക്ക് സഹോദരനായുള്ള ഏക ആണ്‍തരിയുടെ വരവിനായുള്ള കാത്തിരിപ്പിലാണ് ഇവരുടെ കുടുംബം. നാട്ടിലേക്ക് വരാതിരിക്കേണ്ട യാതൊരു സാഹചര്യവും അബ്ദുസ്സലാമിനില്ലെന്ന് കുഞ്ഞുമുഹമ്മദ് പറയുന്നു. താഴേ തിരുവമ്പാടിയില്‍ ചെറിയ കടനടത്തുന്ന പിതാവ് പൊതു പ്രവര്‍ത്തകരുടെ സഹായത്തോടെ അന്വേഷണം തുടരുകയാണ്. ഫോണ്‍: 8943404630.

---- facebook comment plugin here -----

Latest