മുന്‍ കേന്ദ്രമന്ത്രി മുരളി ദേവ്‌റ അന്തരിച്ചു

Posted on: November 24, 2014 10:05 am | Last updated: November 25, 2014 at 12:04 am

murali deoraമുംബൈ: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മുരളി ദേവ്‌റ (77) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് മുംബൈയില്‍ നടക്കും. ഏറെ നാളായി അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ആശുപത്രിയിലായിരുന്ന അദ്ദേഹത്തെ രണ്ട് ദിവസം മുമ്പാണ് വീട്ടിലെത്തിച്ചത്. യുപിഎ സര്‍ക്കാരില്‍ പെട്രോളിയം-കമ്പനികാര്യ മന്ത്രിയായിരുന്നു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് മണിശങ്കര്‍ അയ്യര്‍ക്ക് പകരം 2006ലാണ് മന്ത്രിസഭയിലെത്തിയത്. രണ്ടാം യുപിഎ സര്‍ക്കാരിലും മന്ത്രിയായിരുന്നു. അരനൂറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിനിടയില്‍ മുംബൈയില്‍ നിന്ന് നാല് തവണ പാര്‍ലമെന്റിലെത്തിയിട്ടുണ്ട്. നിലവില്‍ രാജ്യസഭാംഗമാണ് അദ്ദേഹം. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മിലിന്ദ് ദേവ്‌റ ഉള്‍പ്പെടെ രണ്ടുമക്കളുണ്ട്. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് ശേഷം വൈകീട്ട് മൂന്ന് മണിക്ക് മുംബൈയിലെ ചന്ദന്‍വാഡിയില്‍ സംസ്‌കാരം നടക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് ഉള്‍പ്പെടെയുള്ളവര്‍ ദേവ്‌റയുടെ നിര്യാണത്തില്‍ അനുശോചിച്ചു.