മില്‍മ ഡയറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കുന്നു

Posted on: November 24, 2014 3:23 am | Last updated: November 23, 2014 at 11:24 pm

milmaതിരുവനന്തപുരം: ദേശീയ ദിനത്തിന്റെ ഭാഗമായി നവംബര്‍ 26നും 27നും മില്‍മയുടെ 13 ഡയറി ഫാമുകള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കും. ധവള വിപ്ലവത്തിന്റെ പിതാവായി അറിയപ്പെടുന്ന ഡോ. വര്‍ഗീസ് കുര്യന്റെ ജന്മദിനമായ നവംബര്‍ 26 ആണ് ദേശീയ ക്ഷീരദിനമായി ആഘോഷിക്കുന്നത്. ഇവിടുത്തെ ബൂത്തുകളില്‍ നിന്നും കുറഞ്ഞ നിരക്കില്‍ മില്‍മ ഉത്പന്നങ്ങള്‍ വാങ്ങാന്‍ അവസരം ലഭിക്കും. പാല്‍ ഉത്പാദന വിതരണ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കാനുളള ശ്രമമാണ് മില്‍മയുടെതെന്ന് ചെയര്‍മാന്‍ ഗോപാലക്കുറുപ്പ് അറിയിച്ചു.
ക്ഷീര കര്‍ഷകര്‍ക്ക് സ്ഥിര വരുമാനം ഉറപ്പുവരുത്തുക, ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയേറിയ പാല്‍ ലഭ്യമാക്കുക എന്നതാണ് മില്‍മയുടെ മുഖ്യലക്ഷ്യം. മില്‍മ പാലിന് ഒരു ലിറ്ററിന് 34 രൂപ ഉപഭോക്താവില്‍ നിന്ന് ഈടാക്കുമ്പോള്‍ ഉത്പാദകര്‍ക്ക് 30 രൂപയോളം തിരിച്ചു നല്‍കുന്നുണ്ട്. പാല്‍ ഉത്പാദനം കേരളത്തില്‍ വര്‍ധിച്ചു വരുന്നത് സ്വാഗതാര്‍ഹമാണെന്നും ഗോപാലക്കുറുപ്പ് അഭിപ്രായപ്പെട്ടു.
ക്ഷീര ദിനത്തില്‍ തിരുവനന്തപുരം കോബാങ്ക് ടവറില്‍ നടക്കുന്ന ക്ഷീരദിന ആഘോഷവും ഇതിന്റെ ഭാഗമായി തുടങ്ങുന്ന നാഷനല്‍ പ്രോഗ്രാം ഫോര്‍ ഡെയറി ഡെവലപ്പ്‌മെന്റ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. ക്ഷീരവികസന മന്ത്രി കെ സി ജോസഫ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും.