Connect with us

Kerala

പോലീസ് സേനയില്‍ ഡ്രൈവര്‍മാരെ നിയമിക്കാന്‍ നടപടിയില്ല

Published

|

Last Updated

കൊല്ലം: ക്രമസമാധാന പാലനവും നീതി നിര്‍വഹണവും നടത്താന്‍ നിയോഗിക്കപ്പെട്ട കേരളത്തിലെ പോലീസ് സേനയില്‍ ആവശ്യത്തിന് ഡ്രൈവര്‍മാരെ നിയമിക്കാന്‍ നടപടിയില്ല. ഡ്രൈവര്‍മാരുടെ അഭാവം ഔദ്യോഗിക കൃത്യനിര്‍വഹണത്തെ പ്രതികൂലമായി ബാധിക്കുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. 1991 ന് ശേഷം പോലീസില്‍ പുതുതായി ഡ്രൈവര്‍മാരെ നിയമിക്കാന്‍ ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം.
1991 ല്‍ പോലീസ് സേനയില്‍ നിലവിലുണ്ടായ ഡ്രൈവര്‍മാരാണ് ഇപ്പോഴുമുള്ളത്. ഇവരില്‍ പലരും സര്‍വീസില്‍ വിരമിച്ചു. ഇവരുടെ ഒഴിവ് വരുന്നതിന് അനുസരിച്ച് ടെസ്റ്റ് നടത്തി ഡ്രൈവര്‍മാരെ നിയമിക്കാന്‍ പി എസ് സിയും നടപടി കൈക്കൊണ്ടിട്ടില്ല. ഇപ്പോള്‍ ഏതാനും പേര്‍ക്ക് ഡ്രൈവര്‍ ടെസ്റ്റും മെഡിക്കല്‍ ടെസ്റ്റും നടത്തിയിട്ടുണ്ടെങ്കിലും തുടര്‍ നടപടികള്‍ അനിശ്ചിതത്വത്തിലാണ്. കേരളത്തില്‍ പോലീസ് സേനയില്‍ നിലവിലുള്ള വാഹനങ്ങള്‍ ഓടിക്കാന്‍ ഇപ്പോള്‍ ഡ്രൈവര്‍മാരില്ലാത്ത അവസ്ഥയാണുള്ളതെന്ന് പോലീസ് അസോസിയേഷന്‍ കൊല്ലം ജില്ലാ സെക്രട്ടറി രാജേന്ദ്രന്‍ സിറാജിനോട് പറഞ്ഞു.
ആറായിരത്തോളം വാഹനങ്ങളുള്ള സേനക്ക് ഇതിന്റെ പകുതി പോലും ഡ്രൈവര്‍മാര്‍ ഇല്ലെന്നതാണ് യാഥാര്‍ഥ്യം. പോലീസ് ഡ്രൈവര്‍മാരുടെ മൂവായിരത്തോളം തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. രാവിലെ എട്ട് മണി മുതല്‍ പിറ്റേ ദിവസം രാവിലെ എട്ട് മണി വരെ 24 മണിക്കൂറും ജോലി ചെയ്യേണ്ട അവസ്ഥയിലാണ് ഇപ്പോള്‍ പോലീസ് ഡ്രൈവര്‍മാര്‍. ഇതുമൂലം കടുത്ത ആരോഗ്യ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ട ദുരവസ്ഥയാണ് ഇവര്‍ക്കുള്ളത്.
മാസത്തില്‍ 15 ദിവസം ഇവര്‍ ജോലി ചെയ്യണം. മതിയായ ഡ്രൈവര്‍മാരെ നിയമിക്കുകയാണെങ്കില്‍ ഇവരുടെ ജോലി ഭാരം കുറക്കാന്‍ കഴിയുമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. ആയിരത്തോളം വാഹനങ്ങള്‍ പോലീസ് സേനക്ക് ലഭ്യമാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചെങ്കിലും ഇപ്പോള്‍ നിലവിലുള്ള വാഹനങ്ങള്‍ ഓടിക്കാന്‍ തന്നെ ഡ്രൈവര്‍മാരില്ലെന്നതാണ് സത്യം. സംസ്ഥാനത്ത് എ ആര്‍ ക്യാമ്പുകള്‍ വഴിയാണ് മുന്‍കാലങ്ങളില്‍ ഡ്രൈവര്‍മാരെ നിയമിച്ചിരുന്നത്. ആന്റണി സര്‍ക്കാറിന്റെ കാലത്താണ് ഡ്രൈവര്‍ തസ്തികയില്‍ നിലവിലുണ്ടായിരുന്ന എണ്ണം കൂട്ടിയത്.
പോലീസ് ജീപ്പുകള്‍ക്കും മറ്റു ഹെവി വാഹനങ്ങള്‍ക്കും ഒന്നിലധികം ഡ്രൈവര്‍മാര്‍ വേണമെന്നാണ് സര്‍ക്കാര്‍ ചട്ടം. എന്നാല്‍ ഇപ്പോള്‍ ഒരു ഡ്രൈവര്‍ തന്നെയില്ലാത്ത സ്ഥിതിയാണ്. പല സ്‌റ്റേഷനുകളിലും പോലീസ് ഡ്രൈവര്‍മാര്‍ ഇല്ലാത്തതിനാല്‍ ഹോം ഗാര്‍ഡും മറ്റു തസ്തികകളില്‍ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുമാണ് ഡ്രൈവര്‍ ജോലി കൂടി ചെയ്യുന്നത്.