Connect with us

Kerala

മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ ആരംഭിച്ച 'കിടപ്പുസമരം' ഉദ്ഘാടനത്തിന് മുമ്പ് ഒത്തുതീര്‍പ്പാക്കി

Published

|

Last Updated

കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വസതിക്ക് മുന്നില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് വി എസ് ഡി പിയുടെ നേതൃത്വത്തില്‍ ആരംഭിച്ച കിടപ്പുസമരം ഉദ്ഘാടനത്തിന് മുമ്പേ അവസാനിപ്പിച്ചു. നാടര്‍ സമുദായത്തിന് നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് പായും തലയണയുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിന് വി എസ് ഡി പി പ്രവര്‍ത്തകര്‍ ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മുതല്‍ കിടപ്പുസമരം ആരംഭിച്ചിരുന്നു. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സമരസമിതി നേതാക്കള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പുനല്‍കിയ സാഹചര്യത്തില്‍ സമരം ഏഴ് മണിയോടെ അവസാനിപ്പിക്കുകയായിരുന്നു.
ഈ മാസം 26ന് രണ്ടാംഘട്ട കൂടിക്കാഴ്ച നടത്തും. നാടാര്‍ സമുദായത്തിന് അഞ്ച് ശതമാനം വിദ്യാഭ്യാസ സംവരണം, സമുദായ ക്ഷേമത്തിന്‌രണ്ട് വര്‍ഷം മുമ്പ് രൂപവത്കരിച്ച ജസ്റ്റിസ് ഹരിഹരന്‍ നായര്‍ കമ്മീഷന്റെ പ്രവര്‍ത്തനത്തിന് ഓഫീസും ഫണ്ടും അനുവദിക്കുക, സമുദായാചാര്യന്‍ വൈകുണ്ഠ സ്വാമിയുടെ ജന്മദിനമായ മാര്‍ച്ച് 12 പൊതു അവധിയായി പ്രഖ്യാപിക്കുക, സംസ്ഥാനത്ത് ലഹരി നിര്‍മാര്‍ജനം നടപ്പാക്കുക തുടങ്ങിയ ഒമ്പതിന ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായിരുന്നു സമരം പ്രഖ്യാപിച്ചത്. രാവിലെ 8.30ന് സമരത്തിന്റെ ഉദ്ഘാടനം നടത്തുമെന്ന് പ്രഖ്യാപിച്ച ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജ് എത്തുംമുമ്പേ സമരം ഒഴിവാക്കാന്‍ ഒത്തുതീര്‍പ്പിലെത്തെിയതായും സൂചനയുണ്ട്. നേരത്തെ നടന്ന ചര്‍ച്ചകളില്‍ നല്‍കിയ ഉറപ്പുകള്‍ മാത്രമാണ് ഇപ്പോഴും വി എസ് ഡി പി നേതാക്കള്‍ക്ക് നല്‍കിയിട്ടുള്ളത്.