Connect with us

International

ഗാസ അതിര്‍ത്തിയില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു മരണം

Published

|

Last Updated

ഗാസ: വടക്കന്‍ ഗാസയിലെ അതിര്‍ത്തി പ്രദേശത്ത് ഇസ്‌റാഈല്‍ സേന നടത്തിയ വെടിവെപ്പില്‍ ഫലസ്തീന്‍ കര്‍ഷകന്‍ മരിച്ചു. അമ്പത് ദിവസത്തെ ആക്രമണത്തിന് പിറകേ നിലവില്‍ വന്ന വെടിനിര്‍ത്തലിന് ശേഷം ഇതാദ്യമായാണ് ഇസ്‌റാഈല്‍ സൈന്യം ഇത്ര രൂക്ഷമായി വെടിയുതിര്‍ക്കുന്നത്. മരിച്ചത് ഫസല്‍ മുഹമ്മദ് ഹലാവ എന്നയാളാണെന്നും ഇയാള്‍ക്ക് പിറകിലാണ് വെടിയേറ്റതെന്നും ദുരിതാശ്വാസ വിഭാഗം വക്താവ് അശ്‌റഫ് അല്‍ ഖുദ്‌റ പറഞ്ഞു.
അതിര്‍ത്തി മതിലിനടുത്ത് നില്‍ക്കുകയായിരുന്ന ഇയാള്‍ക്ക് നേരെ സൈനിക പോസ്റ്റില്‍ നിന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു. വളരെ അടുത്തു നിന്നാണ് വെടിയുതിര്‍ത്തത്. ഗാസാ കമ്പോളത്തില്‍ വന്‍ വിലപിടിപ്പുള്ള ഒരു തരം പക്ഷിയെ തേടിയിറങ്ങിയതായിരുന്നു ഹലാവയെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കളിലൊരാള്‍ പറഞ്ഞു.
എന്നാല്‍ ഇസ്‌റാഈല്‍ സേന പറയുന്നത് മറ്റൊരു കഥയാണ്. രണ്ട് ഫലസ്തീന്‍ പൗരന്‍മാര്‍ മതിലിന് നേരെ നടന്നു വന്നുവെന്നും മുന്നറിയിപ്പ് സന്ദേശം നല്‍കിയിട്ടും മടങ്ങാന്‍ കൂട്ടാക്കാത്തപ്പോള്‍ ആകാശത്ത് വെടിയുതിര്‍ത്തുവെന്നുമാണ് ഇസ്‌റാഈല്‍ സൈനിക വൃത്തങ്ങള്‍ പറയുന്നത്. ഫലസ്തീന്‍ കര്‍ഷകന്‍ മരിച്ച കാര്യം സ്ഥിരീകരിക്കാന്‍ സൈന്യം തയ്യാറായിട്ടില്ല.
ആഗസ്റ്റ് 26ന് ഈജിപ്തിന്റെ മാധ്യസ്ഥ്യത്തില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന ശേഷം ഇതാദ്യമായാണ് ഒരു ഫലസ്തീന്‍ പൗരന്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. ദീര്‍ഘകാല വെടിനിര്‍ത്തല്‍ നിലവില്‍ വരാത്തതിനാല്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് ഇത് വഴിവെക്കുമോയെന്നാണ് ആശങ്ക.

Latest