Connect with us

National

ചോദ്യം ചെയ്യാന്‍ രാംപാലിനെ ആശ്രമത്തിലെത്തിച്ചു

Published

|

Last Updated

ചാണ്ഡിഗഢ്: സത്‌ലോക് ആശ്രമത്തില്‍ നിന്ന് കണ്ടെടുത്ത വിവിധ വസ്തുക്കളെ സംബന്ധിച്ച് ചോദ്യം ചെയ്യാനായി രാംപാലിനെ ആശ്രമത്തിലെത്തിച്ചു. കേസ് അന്വേഷിക്കുന്ന എസ് ഐ ടി സംഘമാണ് രാംപാലിനെ ചോദ്യം ചെയ്യുക. ആശ്രമത്തില്‍ നിന്ന് വന്‍തോതിലുള്ള ആയുധ ശേഖരമടക്കം നിരവധി വസ്തുക്കള്‍ കണ്ടെടുത്തിരുന്നു.
ഇന്നലെ രാവിലെയാണ് രാംപാലിനെ ആശ്രമത്തിലെത്തിച്ചത്. കഴിഞ്ഞ നാല് ദിവസമായി ആശ്രമത്തില്‍ വന്‍ തിരച്ചിലാണ് നടക്കുന്നത്. ആശ്രമത്തിനകത്ത് അനവധി ലോക്കറുകളാണുള്ളത്. മൂന്ന് ഭാഗങ്ങളാക്കി തിരിച്ചാണ് പോലീസ് ആശ്രമത്തില്‍ പരിശോധന നടത്തിയത്. ഭൂഗര്‍ഭ അറകള്‍ പരിശോധിച്ച് കഴിഞ്ഞിട്ടുണ്ട്. ബുള്ളറ്റ് പ്രൂഫ് വാഹനം, ഓയില്‍ ടാങ്കര്‍, രണ്ട് ട്രാക്ടറുകള്‍, ബസ്, ജിപ്‌സി, 82 ഇരുചക്ര വാഹനങ്ങള്‍, നാല് കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ മുതലായവ പോലീസ് കണ്ടെത്തിയിരുന്നു. ആശ്രമത്തിനകത്ത് നിന്ന് വന്‍തോതില്‍ തോക്കുകളും വെടിത്തിരകളും പെട്രോള്‍ ബോംബുകളും ആസിഡ് സിറിഞ്ചുകളും കണ്ടെത്തിയിരുന്നു. മൂന്ന് .32 ബോര്‍ റിവാള്‍വറുകള്‍, 19 എയര്‍ ഗണ്ണുകള്‍, രണ്ട് .12 ബോര്‍ റൈഫിളുകള്‍, റണ്ട് .315 ബോര്‍ റൈഫിളുകള്‍, മുളക് ഉപയോഗിച്ച് നിര്‍മിച്ച ഗ്രനേഡുകള്‍, വെടിയുണ്ടകള്‍ എന്നിവയും രാംപാലിന്റെ മുറിയില്‍ നിന്ന് കണ്ടെടുത്തിരുന്നു. കഴിഞ്ഞ ദിവസം രണ്ട് ലക്ഷം രൂപയും 700 ലിറ്റര്‍ ഡീസലും 1200 ലിറ്റര്‍ മണ്ണെണ്ണയും കണ്ടെടുത്തിട്ടുണ്ട്. ഗര്‍ഭ പരിശോധനാ കിറ്റ് കണ്ടെത്തിയത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. രാംപാല്‍ അനുയായികളെ അഭിസംബോധന ചെയ്യാറുള്ള വേദിക്ക് അടിയിലായി ടണല്‍ മാതൃകയില്‍ പണിത മുറിയിലാണ് ഇവയെല്ലാം സജ്ജീകരിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു. പരിശോധനകള്‍ക്കായി ആശ്രമത്തിലെ രണ്ട് വലിയ തടാകങ്ങള്‍ വറ്റിച്ചിട്ടുണ്ട്. ആശ്രമത്തില്‍ ഒളിച്ചു നിന്ന മൂന്ന് പേരെ പിടികൂടിയിട്ടുമുണ്ട്. അനുയായികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് ആശ്രമത്തിനകത്ത് സി സി ടി വി ക്യാമറകള്‍ വന്‍തോതില്‍ സ്ഥാപിച്ചിരുന്നു. വിശാലമായ സ്ഥലത്താണ് ആശ്രമം നിലകൊള്ളുന്നത് എന്നതിനാല്‍ തിരച്ചില്‍ കുറച്ച് ദിവസങ്ങള്‍ കൂടി തുടരുമെന്ന് പോലീസ് അറിയിച്ചു.
രാംപാലിനെ അഞ്ച് ദിവസത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തിരുന്നത്. 865 അനുയായികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Latest