ദേശീയ ദിനാഘോഷം; ഷാര്‍ജ അണിഞ്ഞൊരുങ്ങുന്നു

Posted on: November 23, 2014 5:44 pm | Last updated: November 23, 2014 at 5:44 pm

b156627105528b6f3f1991cb55a75fb9ഷാര്‍ജ: രാജ്യത്തിന്റെ 43-ാം ദേശീയ ദിനാഘോഷത്തിനു ഷാര്‍ജ അണിഞ്ഞൊരുങ്ങി. എമിറേറ്റില്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളും, സ്വകാര്യ സ്ഥാപനങ്ങളും ദേശീയ പതാകകളും, തോരണങ്ങളും കൊണ്ട് അലങ്കരിച്ചു. പാതയോരങ്ങളില്‍ കൊടി തോരണങ്ങള്‍ ഉയര്‍ന്നു. ജനവാസ കേന്ദ്രങ്ങളില്‍ കൂറ്റന്‍ ദേശീയ പതാകകള്‍ പാറികളിക്കുന്നു. വിദ്യാലയങ്ങളിലും ചതുവര്‍ണ പതാകകള്‍ ഉയര്‍ന്നിട്ടുണ്ട്. ദീപാലങ്കാരങ്ങളും പലയിടങ്ങളിലും സ്ഥാപിച്ചു. ഉദ്യാനങ്ങളിലും അലങ്കാര പണികള്‍ തുടങ്ങിയിട്ടുണ്ട്. എയര്‍പോര്‍ട്ട് റോഡിലെ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തില്‍ ഈന്തപ്പനകള്‍ അലങ്കരിച്ചിരിക്കുന്നത് ദേശീയ പതാകകള്‍കൊണ്ടാണ്. ഇത് ഏറെ ആകര്‍ഷകമാണ്. വ്യാപാര സ്ഥാപനങ്ങളും ദേശീയ ദിനത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ദേശീയ പതാകകളും മറ്റും കടകളില്‍ ധാരാളം എത്തിക്കഴിഞ്ഞു.
റോളയില്‍ അല്‍ഖുവൈര്‍ മാര്‍ക്കറ്റില്‍ ദേശീയ പതാകകളും മറ്റും ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. ദേശീയദിനം അടുക്കുംതോറും ആവശ്യക്കാരുടെ എണ്ണവും വര്‍ധിക്കുന്നു. പതാകകളും മറ്റും വന്‍തോതിലാണ് വിറ്റഴിയുന്നതെന്ന് ഒരു വ്യാപാരി പറഞ്ഞു. ഒരു ദിര്‍ഹം മുതല്‍ 400 ദിര്‍ഹം വരെ വിലയുള്ള പതാകകള്‍ കടകളില്‍ വില്‍പനക്കുണ്ട്. പതാകകള്‍ക്കുപുറമെ, ദേശീയ പതാകയുടെ വര്‍ണത്തിലുള്ള ഷാളുകള്‍, തൊപ്പികള്‍, ടീ ഷര്‍ട്ടുകള്‍, ബനിയനുകള്‍ എന്നിവയും സ്റ്റിക്കറുകളും ലഭ്യമാണ്. ദേശീയ ദിനവുമായി ബന്ധപ്പെട്ട മുഴുവന്‍ വസ്തുക്കളും കടകളില്‍ യഥേഷ്ടം വില്‍പനക്കെത്തിയിട്ടുണ്ട്. ഇവയുടെ വില്‍പനക്കായി കടകളില്‍ പ്രത്യേക വിഭാഗം തന്നെ ആരംഭിച്ചു. മാത്രമല്ല ദേശീയപതാകകളും മറ്റും മനോഹരമായി തൂക്കിയിട്ടത് ജനങ്ങളെ ഏറെ ആകര്‍ഷിക്കുന്നു. ദേശീയ ദിനാഘോഷത്തിന്റെ ആരവം ഈ മാര്‍ക്കറ്റില്‍ ഇപ്പോഴേ തുടങ്ങി യിട്ടുണ്ട്. പതാകകളും, തോരണങ്ങളുംകൊണ്ട് മാര്‍ക്കറ്റ് അലങ്കരിച്ചിട്ടുമുണ്ട്. ദേശീയ ദിനത്തിന് രണ്ട് വാരാന്ത്യ അവധിയടക്കം പൊതുമേഖലക്കു അഞ്ചുദിവസമാണ് അവധി.