Connect with us

Malappuram

കുട്ടികളേ... നിങ്ങള്‍ക്കിനി പരാതി പറയാം... മടിക്കാതെ

Published

|

Last Updated

മലപ്പുറം: സ്‌കൂളുകളിലും കുടുംബത്തിലും പീഡനം അനുഭവിക്കുന്നവരാണോ നിങ്ങള്‍, സ്‌കൂളുകളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലേ, ആരെങ്കിലും നിങ്ങളെ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് ധൈര്യമായി പരാതി പറയാന്‍ അവസരമൊരുങ്ങുന്നു. കുട്ടികളുടെ പേരും വിലാസവും വെളിപ്പെടുത്താതെ പരാതി നല്‍കാന്‍ കഴിയുന്ന സംവിധാനത്തിനാണ് തുടക്കമിടുന്നത്. ഇതിനായി പ്രത്യേക വെബ്‌സൈറ്റ് തയ്യാറാക്കും. സോഷ്യല്‍ മീഡിയ വഴി പരാതി നല്‍കാനും സംവിധാനമുണ്ടാകും.
ഇതു സംബന്ധിച്ച തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. വിദ്യാര്‍ഥികള്‍ക്ക് അടിയന്തിര സഹായം ലഭ്യമാക്കുന്നതിന് ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി, ചൈല്‍ഡ്‌ലൈന്‍, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി എന്നിവയുടെ ഫോണ്‍ നമ്പറുകള്‍ വിദ്യാലയങ്ങളില്‍ പ്രദര്‍ശിപ്പിക്കും.
വിദ്യാര്‍ഥികളെ അപമാനിക്കുന്ന രീതിയില്‍ അധ്യാപകരില്‍ നിന്നുണ്ടാകുന്ന സംസാരങ്ങള്‍. മാനസിക-ശാരീരികമായ പീഡനങ്ങള്‍, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ സ്വഭാവദൂഷ്യങ്ങള്‍ അധ്യാപകരില്‍ നിന്നുണ്ടായാല്‍ വിദ്യാര്‍ഥികള്‍ക്ക് ഫേസ്ബുക്ക് പേജ് വഴി അധികൃതരെ അറിയിക്കാം. ഇത്തരത്തിലുള്ള പരാതികള്‍ കൈകാര്യം ചെയ്യുതിനുമായി എല്ലാ സ്‌കൂളിലും നോഡല്‍ അധ്യാപകരെ നിയമിക്കും. ഇതോടൊപ്പം യാത്ര ദുരിതങ്ങള്‍ക്കുള്ള പരാതികള്‍ക്കും പരിഹാരമാവും. വിദ്യാര്‍ഥികളെ യാത്രചെയ്യാന്‍ ബസ്സ്-ഓട്ടോ ജീവനക്കാര്‍ അസൗകര്യമൊരുക്കുന്ന അവസ്ഥയുണ്ടായാല്‍ ജീവനക്കാര്‍ക്കെതിരെ പരാതി ഉന്നയിക്കാം.
വിദ്യാഭ്യാസ അവകാശനിയമം, ലൈംഗികാതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം (പോക്‌സോ) എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജില്ലയിലെ മുഴുവന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ബോധവത്കരണം നല്‍കും.
ഒരു മാസത്തിനകം മുഴുവന്‍ വിദ്യാലയങ്ങളിലും ക്ലാസ് നല്‍കാനാണ് തീരുമാനം. ബാലവകാശ കമ്മീഷന്‍ അംഗങ്ങളായ ഗ്ലോറി ജോര്‍ജ്, ബാബു നരിക്കുനി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഷരീഫ് ഉള്ളത്ത്, അംഗം നജ്മല്‍ ബാബു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Latest