Connect with us

Kerala

മലപ്പുറം നഗരസഭ 'പാര്‍ലിമെന്റായി'; ഇന്ത്യ-പാക് പ്രശ്‌നം പരിഹരിക്കണമെന്ന് പ്രമേയം

Published

|

Last Updated

മലപ്പുറം: മലപ്പുറം നഗരസഭയിലെ ചില കൗണ്‍സിലര്‍മാര്‍ ഇന്നലെ ദിവാസ്വപ്‌നം കണ്ടത് തങ്ങളിരിക്കുന്നത് ഇന്ത്യന്‍ പാര്‍ലിമെന്റിലാണെന്നായിരിക്കണം. മുസ്‌ലീം ലീഗ് കൗണ്‍സിലര്‍ കാപ്പന്‍ ഷംസുദ്ദീന്‍ അവതരിപ്പിച്ച പ്രമേയവും തുടര്‍ന്നുള്ള സംഭവങ്ങളും കണ്ടാല്‍ അങ്ങനെയാണ് ആര്‍ക്കും തോന്നിപ്പോകുക. ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തി പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്നായിരുന്നു പ്രമേയത്തിലെ ആവശ്യം. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തി വരുന്ന നുഴഞ്ഞുകയറ്റത്തിന് ശക്തമായ തിരിച്ചടി നല്‍കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പ്രമേയത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയതോടെ ബഹളമയമായി.
ഇത്തരം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദിയല്ല നഗരസഭാ കൗണ്‍സിലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ ബഹളം. ഇതോടെ വാര്‍ത്ത ലൈവായി റിപ്പോര്‍ട്ട് ചെയ്യാന്‍ ചാനലുകളുമെത്തി.
നഗരസഭയുടെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതിന് പകരം ഇത്തരം പ്രമേയങ്ങള്‍ നഗരസഭയുടെ പരിധിയില്‍ വരുന്നതല്ലെന്ന് പ്രതിപക്ഷ നേതാവ് പാലോളി കുഞ്ഞിമുഹമ്മദ് വാദമുന്നയിച്ചതോടെയാണ് വാക്കേറ്റം തുടങ്ങിയത്. സാധാരണ ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നമാണിതെന്നും നഗരസഭയില്‍ ചര്‍ച്ച ചെയ്യുന്നതില്‍ തെറ്റില്ലെന്നും പ്രമേയത്തെ പിന്താങ്ങുന്നവരും വാദിച്ചതോടെ യോഗത്തില്‍ വാഗ്വാദമായി. ഒടുവില്‍ ചെയര്‍മാന്‍ കെ പി മുസ്തഫ തന്നെ ഇടപെട്ട് പ്രമേയം ചര്‍ച്ച ചെയ്യേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന് കത്ത് അയക്കാമെന്ന് അറിയിച്ചതോടെയാണ് പ്രശ്‌നത്തിന് താത്കാലിക പരിഹാരമായത്.

Latest