നിലമ്പൂര്‍ മേഖലയില്‍ വീണ്ടും തെരുവ് നായ ശല്യം

Posted on: November 22, 2014 10:20 am | Last updated: November 22, 2014 at 10:20 am

നിലമ്പൂര്‍: മേഖലയില്‍ തെരുവു നായ്കളുടെ ശല്യം വീണ്ടും രൂക്ഷമാകുന്നു. കൃത്യമായി ഉടമസ്ഥരില്ലാത്ത നായ്കളാണ് നഗരസഭാ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഭീഷണിയായിട്ടുള്ളത്. സമീപ പഞ്ചായത്തുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല.
നിലമ്പൂര്‍ ടൗണില്‍ പുലര്‍ച്ചെ മുതല്‍ തുടങ്ങും തെരുവു നായ്കളുടെ ശല്യം. മത്സ്യ-മാംസ മാര്‍ക്കറ്റിന്റെ പരിസരങ്ങളില്‍ നിന്ന് തുടങ്ങുന്ന ശല്യം രാജീവ് ഗാന്ധി മിനി ബൈപാസ് റോഡിലും ജില്ലാ ആശുപത്രി പരിസരങ്ങളിലും രൂക്ഷമാണ്. വീട്ടിക്കുത്ത്, ബംഗ്ലാവിന്‍ കുന്ന്, കരിമ്പുഴ, റെയില്‍വേ സ്‌റ്റേഷന്‍ പരിസരങ്ങള്‍, മുക്കട്ട എന്നിവിടങ്ങളിലെല്ലാം തെരുവു നായ്ക്കളുടെ ശല്യം വര്‍ധിച്ചിരിക്കയാണ്.
മാലിന്യങ്ങള്‍ തോന്നിയപോലെ വലിച്ചെറിയുന്നതാണ് തെരുവ നായകളുടെ ശല്യം കൂടാന്‍ കാരണം. നിലമ്പൂര്‍ കരിമ്പുഴ പാലത്തിനു സമീപം വനമേഖലയില്‍ യാതൊരു ദാക്ഷിണ്യവുമില്ലാതെയാണ് മാലിന്യങ്ങള്‍ സാമൂഹിക ദ്രോഹികള്‍ റോഡരികിലേക്ക് വലിച്ചെറിയുന്നത്. അറവുമാലിന്യമടക്കമുള്ള മാലിന്യങ്ങളാണ് റോഡരികിലുണ്ടാകാറുള്ളത്. ഇത് തിന്നാന്‍ കൂട്ടമായെത്തുന്ന നായ്കള്‍ വനത്തില്‍ പുള്ളിമാനുകള്‍ക്കും ഭീഷണിയാണ്. കരിമ്പുഴയില്‍ പശുക്കള്‍ക്കും മനുഷ്യര്‍ക്കും തെരുവുനായ്കളുടെ ആക്രമണമുണ്ടായിരുന്നു. ഇവിടെ ഏതാനും മാസം മുമ്പ് കാട്ടുപന്നിയെ നായ കടിച്ച സംഭവവുമുണ്ടായി.