Connect with us

Kerala

സൂരജിന്റെ ചോദ്യം ചെയ്തത് മണിക്കൂറുകളോളം

Published

|

Last Updated

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണം നേരിടുന്ന പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെ വിജിലന്‍സ് മണിക്കൂറുകള്‍ ചോദ്യം ചെയ്തു. കതൃക്കടവിലെ വിജിലന്‍സ് ഓഫീസില്‍ ഇന്നലെ വൈകീട്ട് നാലരക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി വൈകിയും തുടര്‍ന്നു. സര്‍ക്കാരിന് നല്‍കിയിട്ടുള്ള കണക്കില്‍ കാണിച്ചിട്ടുള്ളതിലുമധികം സ്വത്തുക്കള്‍ സ്വന്തമായുള്ള സൂരജിന് ഇതുസംബന്ധിച്ച വിജിലിന്‍സിന്റെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ വിശദീകരണം നല്‍കാനായില്ല. ചോദ്യം ചെയ്യല്‍ വരും ദിവസങ്ങളിലും തുടരുമെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ പറഞ്ഞു.

സൂരജിന്റെ വീടുകളിലും ഓഫീസിലും നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടും പിടിച്ചെടുത്ത രേഖകളും വിജിലന്‍സ് അന്വേഷണ സംഘം ഇന്നലെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. പിടിച്ചെടുത്ത 320 രേഖകളുടെ കൂട്ടത്തില്‍ ചെക്ക് ബുക്കുകള്‍, വസ്തു, ഓഹരി ഇടപാടു രേഖകള്‍, തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 23 ലക്ഷം രൂപ എന്നിവയും ഉള്‍പ്പെടുന്നു. അതേസമയം സൂരജിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിന് തൊട്ടുമുമ്പ് അദ്ദേഹത്തിന്റെ ബാങ്ക് ലോക്കറില്‍ നിന്ന് നിര്‍ണായക രേഖകള്‍ കടത്തിയതായി വിജിലന്‍സിന് വിവരം ലഭിച്ചു. ഇന്ത്യന്‍ ബാങ്കിന്റെ വൈറ്റില ശാഖയിലെ ലോക്കര്‍ സൂരജിന്റെ ഭാര്യ തുറന്നു പരിശോധിച്ചതായും ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതായുമാണ് വിജിലന്‍സ് പറയുന്നത്. ലോക്കറില്‍ ഉണ്ടായിരുന്നത് എന്തെല്ലാം രേഖകളാണെന്ന് വ്യക്തമല്ല. വസ്തു ഇടപാടുമായി ബന്ധപ്പെട്ടവയായിരിക്കാം ഇതെന്നാണ് സംശയം. എത്ര രൂപയാണ് പിന്‍വലിച്ചതെന്ന് പരിശോധന നടത്തിയാലേ പറയാന്‍ കഴിയൂവെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ പറഞ്ഞു.
സൂരജിന് കോയമ്പത്തൂരിലും ഫഌറ്റ് ഉണ്ടെന്ന് വ്യക്തമാക്കുന്ന ചില വിവരങ്ങള്‍ പരിശോധനയില്‍ ലഭിച്ച രേഖകളിലുണ്ട്. സൂരജിന്റെ മകളുടെ വിവാഹത്തിന് സ്ത്രീധനമായി നല്‍കിയത് 600 പവന്‍ സ്വര്‍ണാഭരണങ്ങളും 25 ലക്ഷം രൂപയും ഒരു ഫഌറ്റുമാണെന്നാണ് വിജിലന്‍സ് അന്വേഷണ സംഘത്തിന് ഇന്നലെ ലഭിച്ച മറ്റൊരു വിവരം. കലൂര്‍ നെഹ്‌റു സ്റ്റേഡിയത്തിന് പിന്നിലാണ് കെന്റ് ഗ്രൂപ്പിന്റെ ഈ ഫഌറ്റ്. 2010ലായിരുന്നു വിവാഹം. വിവാഹത്തിന് ശേഷം മകളുടെ പേരില്‍ ആലുവയില്‍ 14 സെന്റ് വീതമുള്ള രണ്ട് വസ്തുക്കള്‍ വാങ്ങിയതിന്റെ വിവരങ്ങളും വിജിലന്‍സ് ശേഖരിച്ചു. എന്നാല്‍ വിവാഹത്തിന് ശേഷമുള്ള ഇടപാടായതിനാല്‍ സൂരജിന്റെ വരുമാനവുമായി ഇതിനെ ബന്ധപ്പെടുത്തേണ്ടതില്ലെന്നാണ് തീരുമാനം. അമൃത ഇന്‍സ്റ്റിറ്റിയൂട്ടില്‍ മകള്‍ക്ക് മെഡിക്കല്‍ എം ഡി അഡ്മിഷന് വേണ്ടി ഒരു കോടി രൂപ നല്‍കിയതിന്റെ വിവരങ്ങളും വിജിലന്‍സ് ശേഖരിക്കുന്നുണ്ട്.

Latest