Connect with us

Kerala

പാര്‍ട്ടി കോണ്‍ഗ്രസ് നടത്തുന്നതിനുള്ള സി പി ജോണിന്റെ നീക്കത്തിനെതിരെ സി എം പി

Published

|

Last Updated

കൊച്ചി: സി എം പിയുടെ പേരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടത്താനുള്ള സി പി ജോണിന്റെ നീക്കത്തിനെതിരെ സി എം പി പ്രവര്‍ത്തകര്‍ നിയമനടപടികളിലേക്ക്. കോട്ടയത്ത് പാര്‍ട്ടികോണ്‍ഗ്രസ് സംഘടിപ്പിക്കുന്നതിനുള്ള നീക്കത്തിനെതിരെ എറണാകുളം മുന്‍സിഫ് കോടതിയില്‍ അന്യായം ഫയല്‍ ചെയ്തുവെന്ന് സി എം പി ജില്ലാസെക്രട്ടറി വി എന്‍ രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സി പി ജോണിന്റെയും സി എ അജീറിന്റെയും പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി വിരുദ്ധമാണെന്നും പാര്‍ട്ടി സ്ഥാപകനേതാവായ എം വി രാഘവന്റെ പേര് ഇവര്‍ക്ക് ഉപയോഗിക്കാന്‍ അര്‍ഹതയില്ലെന്നും കാണിച്ചാണ് അന്യായം ഫയല്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ തൃശൂരില്‍ ചേര്‍ന്ന പാര്‍ട്ടി സ്‌പെഷ്യല്‍ കോണ്‍ഫറന്‍സില്‍ പാര്‍ട്ടിയില്‍ നിന്ന് സി പി ജോണിനെയും, സി എ അജീറിനെയും പുറത്താക്കിയിയിരുന്നു.
പാര്‍ട്ടി പോളിറ്റ് ബ്യൂറോയിലെ ഒമ്പതില്‍ ഏഴ് പേരും എക്‌സിക്യൂട്ടിവ് കമ്മറ്റിയിലെ 39തില്‍ 23 പേരും പാര്‍ട്ടി കോണ്‍ഗ്രസ് തിരഞ്ഞെടുത്ത സെന്‍ട്രല്‍ കൗണ്‍സില്‍ അംഗങ്ങളായ 136 പേരില്‍ 81 പേരും ഉള്‍പ്പെടുന്ന കമ്മറ്റി കെ ആര്‍ അരവിന്ദാക്ഷനെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തിട്ടുള്ളതാണ്. മൂന്ന് വര്‍ഷം കൂടുമ്പോഴേ പാര്‍ട്ടികോണ്‍ഗ്രസ് നടത്താവൂ എന്നിരിക്കേ ഭൂരിപക്ഷ തീരുമാനത്തെ അംഗീകരിക്കാതെയാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടത്താന്‍ സി പി ജോണ്‍ ശ്രമിക്കുന്നതെന്നും വി എന്‍ രാജന്‍ ആരോപിച്ചു.
സെന്‍ട്രല്‍ കൗണ്‍സില്‍ അംഗങ്ങളായ വി സി രവി, എം കെ ബാനര്‍ജി, ജില്ലാകമ്മറ്റി അംഗങ്ങളായ ഭവല്‍സിംഗ്, സി എന്‍ നടരാജന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest