വീഡിയോ ചാറ്റിംഗ് മെച്ചപ്പെടുത്തുമെന്ന് ഫേസ്ബുക്ക്

Posted on: November 21, 2014 10:43 pm | Last updated: November 21, 2014 at 10:43 pm

അബുദാബി: വീഡിയോ ചാറ്റിംഗ് മെച്ചപ്പെടുത്തുകയാണ് ഫേസ്ബുക്കിന്റെ അടുത്ത പദ്ധതിയെന്ന് യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക മേഖലകളുടെ ചുമതലകളുള്ള വൈസ് പ്രസിഡന്റ് നിക്കോള മെന്‍വേല്‍സണ്‍ പറഞ്ഞു. അബുദാബി മാധ്യമ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സ്മാര്‍ട് ഫോണുകളിലെ ഫേസ്ബുക്ക് സാന്നിധ്യം വര്‍ധിപ്പിക്കാനുതകുന്ന പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. നിലവില്‍ നൂറുകോടി ദൃശ്യങ്ങളാണ് ഫേസ്ബുക്ക് ഉപയോക്താക്കള്‍ കാണുന്നത്. അതില്‍ 65 ശതമാനം സ്മാര്‍ട് ഫോണ്‍ വഴിയാണ്. ചലന ദൃശ്യങ്ങളുടെ ഉപയോക്താക്കള്‍ ഒരു വര്‍ഷം കൊണ്ട് 500 ശതമാനം വര്‍ധിച്ചു. 76 ശതമാനം ആളുകള്‍ ഓണ്‍ലൈന്‍ വഴി ചലന ദൃശ്യങ്ങള്‍ കാണുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ ഫേസ്ബുക്ക് ഉപയോക്താക്കള്‍ മധ്യപൗരസ്ത്യ ദേശത്താണ്. മിനയില്‍ ഓരോ മാസം 7.4 കോടി ആളുകള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നു.
ജീവിത സാഹചര്യം മെച്ചപ്പെടുത്താനും വാണിജ്യപുരോഗതിക്കും ഫേസ്ബുക്കിനെ ഉപയോഗപ്പെടുത്താമെന്നും നിക്കോളമെന്‍ഡോല്‍സണ്‍ പറഞ്ഞു.