അജ്ഞാത യുവാവിന്റെ കൊലപാതകം: പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി

Posted on: November 20, 2014 9:39 am | Last updated: November 20, 2014 at 9:39 am

ഗൂഡല്ലൂര്‍: അജ്ഞാത യുവാവിന്റെ കൊലപാതകം: പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി. ഗൂഡല്ലൂര്‍ ഡി വൈ എസ് പി ഗോപിയുടെ ഉത്തരവ് പ്രകാരം ഗൂഡല്ലൂര്‍ സി ഐ ഭാസ്‌കരന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളായ കേരളം, കര്‍ണാടക എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അതേസമയം കോയമ്പത്തൂരില്‍ നിന്നെത്തിയ ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് നായ മണം പിടിച്ച് ഊട്ടി റോഡിലൂടെ ഒന്നര കിലോമീറ്റര്‍ ദൂരം ഓടി. കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി മൃതദേഹം കിടന്നതിന് സമീപത്തെ ഡാമില്‍ നിന്ന് കഴുകിയിട്ടുണ്ട്. മുഖം പെട്രോളൊഴിച്ച് കത്തിച്ച് മുഖംവികൃതമാക്കിയതിനാല്‍ ആളെ തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഊട്ടി-ഗൂഡല്ലൂര്‍ ദേശീയ പാതയിലെ നടുവട്ടം ടി ആര്‍ ബസാറിലെ ഡാമിന് സമീപത്താണ് മുപ്പത്തിയഞ്ച് വയസ് പ്രായംതോന്നിക്കുന്ന യുവാവിനെ വെട്ടികൊലപ്പെടുത്തിയ നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നത്.