പരാതികള്‍ക്ക് ഒട്ടും കുറവില്ല

Posted on: November 20, 2014 9:06 am | Last updated: November 20, 2014 at 9:06 am

നിലമ്പൂര്‍: ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ സംഘാടക പിഴവ് പാരമ്യത്തിലെത്തിയ മേളയായി മാറി നിലമ്പൂരില്‍ നടന്ന ശാസ്‌ത്രോത്സവം. അധ്യാപക സംഘടനകള്‍ക്ക് വീതിച്ചു നല്‍കിയ ഓരോ വകുപ്പും ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ എവിടെയും കണ്ടില്ല. വിധികര്‍ത്താക്കളെ മത്സര വേദിയില്‍ സമയ ബന്ധിതമായി എത്തിക്കുന്നതില്‍ പൂര്‍ണ്ണ പരാജയമായിരുന്നു സംഘാടകര്‍ക്കുണ്ടായത്. ജ ില്ലാ ശാസ്‌ത്രോത്സവത്തില്‍ വിധി കര്‍ത്താക്കളെ മണിക്കൂറുകള്‍ കാത്തുനിന്ന് കുരുന്നുകള്‍ തളര്‍ന്നു.
ലിറ്റില്‍ ഫഌവര്‍ സ്‌ക്കൂളില്‍ നടന്ന എല്‍ പി ഗണിത പസലിന്‍ . എല്‍ പി ,യു പി വിഭാഗം ജ്യോമട്രി പങ്കെടുക്കല്‍ ചാര്‍ട്ട് എന്നി മത്സങ്ങരങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കാണ് മത്സരം കഴിഞ്ഞ് നാല് മണിക്കൂറോളം വിധി കര്‍ത്താക്കളെ കാത്തിരിക്കേണ്ടി വന്നത്.
9.30ന് തുടങ്ങിയ മത്സരങ്ങള്‍ 12.30ന് സമാപിച്ചു. എല്‍ പി വിഭാഗം ഗണിത പസലിന്‍ മത്സരത്തിന്റെ വിധി കര്‍ത്താക്കളെത്തിയത് വൈകുന്നേരം നാല് മണിയോടെയാണ്. ഇതിനിടയില്‍ പല വിദ്യാര്‍ഥികള്‍ക്കും തല കറക്കമുണ്ടാവുകയും ചിലര്‍ മത്സര ഹാളില്‍ കിടന്നുറങ്ങുകയും ചെയ്തു.
ഇത് വിദ്യാര്‍ഥി കള്‍ക്കൊപ്പം വന്ന അധ്യാപകരേയും രക്ഷിതാക്കളെയും ഏറെ വലച്ചു.ആവശ്യത്തിന് വിധി കര്‍ത്താക്കളില്ലാത്തതാണ് പ്രശ്‌നത്തിന് കാരണമെന്ന് സംഘാടകര്‍ പറഞ്ഞു. ഫലങ്ങള്‍ യഥാ സമയം അറിയിക്കാനുള്ള സംവിധാനങ്ങളും ചെയ്തിരുന്നില്ല. വിദ്യാഭ്യാസ വകുപ്പിന്റെ സൈറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചതോടെ ഇന്റര്‍നെറ്റ് സംവിധാനം തെരയേണ്ട ഗതികേടിലായി മത്സരാര്‍ത്ഥികള്‍.