Connect with us

National

370 ാം വകുപ്പ് റദ്ദാക്കല്‍; ബി ജെ പി പിന്‍മാറുന്നു

Published

|

Last Updated

കിശ്ത്വാര്‍: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരത്തിനിടെ ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370 ാം വകുപ്പ് റദ്ദാക്കുന്ന നിലപാട് സ്വീകരിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ഇത് വ്യാപക ചര്‍ച്ച ആവശ്യമുള്ള ദേശീയ വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു.
370 ാം വകുപ്പ് ദേശീയ വിഷയമാണ്. കൂടുതല്‍ ചര്‍ച്ച ആവശ്യമുണ്ട്. ഇക്കാര്യത്തില്‍ ബി ജെ പിയുടെ നിലപാട് വ്യക്തമാണ്. തിരഞ്ഞെടുപ്പ് വേളയില്‍ ഇത് ഉന്നയിക്കേണ്ട കാര്യമില്ല. കാശ്മീരിലെ കിശ്ത്വാര്‍ ജില്ലയില്‍ വിദൂരഗ്രാമമായ പദ്ദാറില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കിശ്ത്വാര്‍ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ഥി സുനില്‍ ശര്‍മക്കും ഭാദേര്‍വയില ദലീപ് കുമാറിനും വേണ്ടി പ്രചാരണം നടത്തിയപ്പോഴും വോട്ട് ബേങ്ക് രാഷ്ട്രീയത്തിന് വേണ്ടി ഈ വിഷയം ഉന്നയിക്കരുതെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. 370 ാം വകുപ്പ് പിന്‍വലിക്കുന്നത് സംബന്ധിച്ച് സംവാദത്തിന് തയ്യാറാണെന്ന് രാജ്‌നാഥ് അറിയിച്ചു. സത്ഭരണം, അഴിമതി തുടച്ചു നീക്കുക, വികസനം, സമാധാനം എന്നിവയില്‍ ജമ്മു കാശ്മീരിനെ മാതൃകാ സംസ്ഥാനമാക്കുക എന്നീ ഘടകങ്ങളിലാണ് ബി ജെ പി ഊന്നുന്നത്. തിരഞ്ഞെടുപ്പ് വേളയില്‍ ഈ ഘടകങ്ങളില്‍ മാത്രമാണ് ഊന്നുക. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.