Connect with us

Kerala

വീട്ടില്‍ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് രണ്ട് മരണം

Published

|

Last Updated

ചേര്‍ത്തല: വീട്ടില്‍ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് കുടുംബനാഥനും തൊഴിലാളിയായ സ്ത്രീയും മരിച്ചു. ചേര്‍ത്തല നഗരസഭ 24-ാം വാര്‍ഡ് കിഴക്കേനാല്‍പ്പത് സൂര്യപ്പള്ളി തോമസ് (63), നികര്‍ത്തില്‍ ഭാസ്‌കരന്റെ മകള്‍ മണിയമ്മ എന്ന സുശീല (46) എന്നിവരാണ് മരിച്ചത്. സ്‌ഫോടനത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. ഇന്നലെ ഉച്ച കഴിഞ്ഞ് 2.45 ഓടെയാണ് സംഭവം. പൊട്ടിത്തെറി ഉണ്ടായ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്ന മകന്‍ ജയേഷ് ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്ക് നിസ്സാര പരുക്കേറ്റു. സ്‌ഫോടനത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. വീടിന്റെ ഷീറ്റ്, ഓട് എന്നിവ 500 മീറ്റര്‍ ചുറ്റളവില്‍ തെറിച്ച് പോയി. പ്രദേശവാസികള്‍ സ്‌ഫോടന ശബ്ദം കേട്ട് വിറച്ചു. ഒന്നരമണിക്കൂറിലധികം പൊട്ടിത്തെറി നീണ്ടു നിന്നു. വീട്ടുപകരണങ്ങളും പടക്കങ്ങളും തെറിച്ച് അയല്‍വാസികളുടെ വീടുകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു.
തീ ഉയര്‍ന്ന് നില്‍ക്കുകയും കനത്ത സ്‌ഫോടനം ശബ്ദം ഉണ്ടാവുകയും ചെയ്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ആദ്യം തടസ്സപ്പെട്ടു.
അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ സമീപത്തെ തോട്ടില്‍ നിന്നും വെള്ളം പമ്പു ചെയ്‌തെങ്കിലും ഇടക്കിടെ പൊട്ടിത്തെറിയുണ്ടായി. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും തോമസിനെ പുറത്തെടുത്തപ്പോള്‍ മരണം സംഭവിച്ചിരുന്നു. മണിയമ്മയെ വളരെ നേരത്തെ പ്രയത്‌നത്തിനു ശേഷമാണ് പുറത്ത് എടുത്തത്. താലൂക്കാശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റ മകന്‍ ജയേഷില്‍ നിന്ന് പോലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരുന്നു. സ്‌ഫോടനം നടന്ന പരിസരം കനത്ത പോലീസ് കാവലിലാണ്.
ഇന്ന് ഫോറന്‍സിക് വിദഗ്ധര്‍ എത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും. എല്‍സമ്മയാണ് മരിച്ച തോമസിന്റെ ഭാര്യ. മക്കള്‍:ജെയ്‌മോന്‍, ജയ്ജി, ജയേഷ്. മരുമകന്‍: ലൈക്ക് മാത്യു. മണിയമ്മ അവിവാഹിതയാണ്.