Connect with us

Palakkad

ജനപക്ഷയാത്രയുമായി സഹകരിച്ചില്ല; ഡി സി സി സെക്രട്ടറിയേയും മണ്ഡലം പ്രസിന്റുമാരേയും തല്‍സ്ഥാനത്ത് നിന്ന് നീക്കി

Published

|

Last Updated

പാലക്കാട്: പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അവര്‍ പാര്‍ട്ടിക്ക് പുറത്തുപോകുമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ പാലക്കാട്ട് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഭരണഘടനാ രീതിയില്‍ തന്നെ സംഘടനാ തിരഞ്ഞെടുപ്പ് നടക്കും. സോണിയാഗാന്ധിയ്ക്ക് കീഴില്‍ ഒറ്റക്കെട്ടായാണ് കോണ്‍ഗ്രസ് നീങ്ങുന്നത്. അണികളിലും രാഷ്ട്രീയത്തിലുമെല്ലാം വലിയ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയപ്രവര്‍ത്തന ശൈലിയില്‍ തന്നെ മാറ്റം വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ പി സി സിയുടെ ഏറ്റവും വലിയൊരു പരിപാടിയായ ജനപക്ഷയാത്രയുമായി സഹകരിക്കാത്ത ഒറ്റപ്പെട്ട ചില കമ്മിറ്റികളുണ്ട്. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്ടെ സ്വീകരണ പരിപാടി വന്‍ വിജയമായിരുന്നെങ്കിലും അട്ടപ്പാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സഹകരിച്ചില്ല. ഇവര്‍ക്ക് ഗുരുതരമായ വീഴ്ച പറ്റി.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നു അറിയിക്കാനുള്ള ബാധ്യത പോലും അവര്‍ കാണിച്ചില്ല. കെ പി സി സിയുടെ മഹത്തായ പരിപാടിയില്‍ പങ്കെടുക്കാത്തത് ഒരു പാര്‍ട്ടിക്കാരനും യോജിച്ചതല്ല.
ഇതില്‍ ഗുരുതര വീഴ്ച വരുത്തിയ അട്ടപ്പാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍ കെ രഘുത്തമനെ തല്‍സ്ഥാനത്ത് നിന്നും നീക്കിയതായി കെ പി സി സി പ്രസിഡന്റ് അറിയിച്ചു. ഇതില്‍ മണ്ഡലം കമ്മിറ്റിക്കും ഉത്തരവാദിത്വമുണ്ട്. നിരുത്തരവാദപരമായി പെരുമാറിയ അട്ടപ്പാടിയിലെ അഗളി, ഷോളയൂര്‍, പുതൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരെയും നീക്കം ചെയ്തു.
ഈ പ്രദേശങ്ങളുടെ ചുമതലയുണ്ടായിരുന്ന ഡി സി സി ജനറല്‍ സെക്രട്ടറി പി സി ബേബിയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കം ചെയ്തതായും മറ്റൊരു ജനറല്‍ സെക്രട്ടറി പി ബാലഗോപാലിനെ താക്കീത് ചെയ്യാന്‍ തീരുമാനിച്ചതായും കെ പി സി സി അധ്യക്ഷന്‍ അറിയിച്ചു. ജനപക്ഷയാത്രയുടെ ഭാഗമായി പാര്‍ട്ടി ധനശേഖരണം നടത്തുന്നുണ്ട്. ഭവനസന്ദര്‍ശനം നടത്തി മാത്രമെ ഫണ്ട് പിരിവ് നടത്താവൂയെന്ന കര്‍ശന നിര്‍ദ്ദേശനം നല്‍കിയിരുന്നു.
മദ്യവില്‍പ്പനക്കാരില്‍ നിന്നോ, അതുപോലുള്ള ജനദ്രോഹ പ്രവര്‍ത്തനം നടത്തുന്നവരില്‍ നിന്നോ പണം സ്വീകരിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതു ലംഘിക്കുന്നവര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കും. തൃശൂര്‍ ജില്ലയില്‍ ഒരു മദ്യവില്‍പ്പനക്കാരനില്‍ നിന്നും ബൂത്ത് കമ്മിറ്റി ഫണ്ട് വാങ്ങിയെന്ന ആരോപണത്തില്‍ തൃശൂര്‍ ഡി സി സി പ്രസിഡന്റിനോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി കൈക്കൊള്ളും.
ഇത്തരക്കാരില്‍ നിന്നും പിരിച്ച പണം ഒരു കാരണവശാലും കെ പി സി സി സ്വീകരിക്കില്ല. കെ പി സി സിയ്ക്ക് 21,000ത്തോളം ബുത്തുകള്‍ ഉള്ളതില്‍ നിന്നും ഒരു ബൂത്തില്‍ നിന്നു മാത്രമാണ് ഇത്തരമൊരു ആരോപണം ഉയര്‍ന്നിട്ടുള്ളത്. രാഷ്ട്രീയം മറയാക്കി ജനങ്ങളെ ചൂഷണം ചെയ്യുന്നവരെ ആശ്രയിച്ച് കെ പി സി സി മുന്നോട്ടു പോവില്ലെന്നും കെ പി സി സി പ്രസിഡന്റ് വ്യക്തമാക്കി.
ആദിവാസി മേഖലയായ അട്ടപ്പാടിയില്‍ പാര്‍ട്ടിക്ക് ശുദ്ധീകരണം ആവശ്യമാണ്. ആദിവാസികള്‍ക്കും അവിടുത്തെ സാധാരണക്കാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രതിജ്ഞാബദ്ധരായ ഒരു നിരയാണ് ഉയര്‍ന്നുവരേണ്ടതെന്നും വി എം സുധീരന്‍ കൂട്ടിച്ചേര്‍ത്തു. ബ്ലോക്ക് പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ അട്ടപ്പാടി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചശേഷം മതി ഫണ്ടുശേഖരണം എന്ന പരാമര്‍ശമുണ്ടായതായാണ് സൂചന. ഫണ്ട് ശേഖരണവുമായി നിസ്സഹകരിച്ചതിനുപുറമേ, മൂന്ന് മണ്ഡലം പ്രസിഡന്റുമാരും മണ്ണാര്‍ക്കാട്ട് നടന്ന സ്വീകരണയോഗത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. അട്ടപ്പാടി മേഖലയില്‍നിന്നുള്ള പ്രാതിനിധ്യവും കുറവായിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പേതന്നെ അട്ടപ്പാടി മേഖലയില്‍ പാര്‍ട്ടിക്കകത്ത് പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇത് പരിഹരിക്കാനാവാതായതോടെ വോട്ടും കുത്തനെ കുറഞ്ഞു.
അട്ടപ്പാടിയില്‍ പാരിസ്ഥിതികപ്രശ്‌നങ്ങളുടെ പേരില്‍ ഉദ്യോഗസ്ഥര്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ ഫണ്ട് ശേഖരണത്തിനില്ലെന്ന് താഴേത്തട്ടില്‍നിന്ന് നേതാക്കളെ അറിയിച്ചിരുന്നതായി പറയുന്നു. എന്നാല്‍, കഴിഞ്ഞ കുറേക്കാലമായി അട്ടപ്പാടി മേഖലയിലെ നേതാക്കളുടെ പരസ്പര മത്സരംമൂലം പാര്‍ട്ടിയുടെ ശക്തി കുറയുകയാണെന്ന് നിഷ്പക്ഷരായ പ്രവര്‍ത്തകര്‍ പറയുന്നു. ഈ സാഹചര്യം മുതലെടുത്ത് അട്ടപ്പാടി മേഖലയില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. ഇതിനെ പ്രതിരോധിക്കാനോ ജനകീയ അടിത്തറ വിപുലമാക്കാന്‍ ഇടപെടാനോ ജില്ലാനേതൃത്വത്തിന് കഴിഞ്ഞിരുന്നുമില്ല. ജനപക്ഷയാത്രയുമായി ബന്ധപ്പെട്ട് നിസ്സഹകരിച്ചവര്‍ക്കെതിരെ കടുത്ത നടപടികളുണ്ടായേക്കുമെന്നാണ് സൂചനയും കെ പി സി സി പ്രസിഡന്റ് നല്‍കിയിട്ടുണ്ട്.

Latest