അങ്ങാടിക്കുരുവികള്‍ക്ക് കൂടൊരുക്കി വനം വകുപ്പ് മാതൃകയാകുന്നു

Posted on: November 19, 2014 1:27 pm | Last updated: November 19, 2014 at 1:27 pm

കല്‍പ്പറ്റ: വംശനാശ ഭീഷണിയിലായ അങ്ങാടിക്കുരുവികള്‍ക്ക് കൂടൊരുക്കുന്ന വനം വകുപ്പിന്റെ ‘കുരുവിയ്‌ക്കൊരു കൂട്’ പദ്ധതി മാതൃകയാകുന്നു.
അനിയന്ത്രിതമായ നഗരവല്‍ക്കരണം ആവാസ വ്യവസ്ഥയിലുണ്ടാക്കിയ വ്യതിയാനംമൂലം നിലനില്‍പ്പ് ഭീഷണിയിലായ അങ്ങാടിക്കുരുവികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ മിഷന്‍ 676 പദ്ധതി പ്രകാരമാണ് കൂടൊരുക്കുന്നതെന്ന് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം ഡെ. കണ്‍സര്‍വേറ്റര്‍ കെ.വി. ഉത്തമന്‍ അറിയിച്ചു.
സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി എന്നീ പട്ടണങ്ങളിലാണ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കുക. അങ്ങാടിക്കുരുവികള്‍ സാധാരണയായി കൂടുകൂട്ടുന്ന വെയര്‍ഹൗസുകള്‍, മൊത്ത സംഭരണശാലകള്‍, മൊത്ത വ്യാപാരശാലകള്‍ തുടങ്ങിയ ഇടങ്ങളിലാണ് കൂടുകള്‍ സ്ഥാപിക്കുന്നത്. മരം, മുള എന്നിവ ഉള്‍പ്പെടെയുള്ള പ്രകൃതിദത്തമായി ലഭിക്കുന്ന വസ്തുക്കള്‍ മാത്രമുപയോഗിച്ചാണ് കൂടുകള്‍ നിര്‍മ്മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉറവിന്റെ നേതൃത്വത്തിലാണ് ജില്ലയില്‍ കൂടുകള്‍ നിര്‍മ്മിക്കുന്നത്. വ്യാപാരികള്‍, സന്നദ്ധസംഘടനകള്‍ എന്നിവരുമായി സഹകരിച്ച് ജില്ലയിലെ വലുതും ചെറുതുമായ പട്ടണങ്ങളില്‍ പദ്ധതി വ്യാപിപ്പിക്കുമെന്ന് കെ.വി. ഉത്തമന്‍ പറഞ്ഞു.
താല്‍പ്പര്യമുള്ളവര്‍ക്ക് കൂടുകള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ അവസരം നല്‍കും.
കൂടുകളുടെ മികച്ച പരിപാലനം ഉറപ്പാക്കുന്നതിന് ജനപ്രതിനിധികളും വ്യാപാരികളും തൊഴിലുടമകളുമടങ്ങുന്ന മേല്‍നോട്ട സമിതി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.എം.ജോര്‍ജ് നിര്‍വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ബത്തേരി യൂണിറ്റിന്റേയും ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബ് തണലിന്റേയും സഹകരണത്തോടെ സു.ബത്തേരി ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ കൂട് സ്ഥാപിച്ചു. യോഗത്തില്‍ ഡെ.കണ്‍സര്‍വേറ്റര്‍ കെ.വി. ഉത്തമന്‍ അദ്ധ്യക്ഷത വഹിച്ചു. യൂസഫ്, ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.ടി.ഹരിലാന്‍ സ്വാഗതവും ഫോറസ്റ്റ് ഓഫീസര്‍ ടി. ശശികുമാരന്‍ നന്ദിയും പറഞ്ഞു.