ദുബൈ കടലിലെ ദുരിതജീവിതത്തിനൊടുവില്‍ മലയാളിക്ക് മോചനം

Posted on: November 19, 2014 10:52 am | Last updated: November 19, 2014 at 10:52 am

കൊയിലാണ്ടി: ദുബൈയില്‍ കടലില്‍ കുടുങ്ങി മാസങ്ങളായി നരകയാതന അനുഭവിച്ച മലയാളി യുവാവിന് മോചനം. കീഴരിയൂര്‍ കിണറുള്ള മീത്തല്‍ ദിനേശന്‍ ആണ് ദുബൈ തീരത്തു നിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെ കപ്പലില്‍ കുടുങ്ങിപ്പോയത്. സഹപ്രവര്‍ത്തകരായ 15 പേരും മോചിപ്പിക്കപ്പെടും. മുംബൈ കമ്പനിയുടെ ഭാവശ്രയ എന്ന ചരക്ക് കപ്പലിലാണ് ഇവര്‍ കുരുങ്ങിയത്. കപ്പല്‍ അറ്റകുറ്റപ്പണി നടത്തിയ വകയില്‍ കോടികള്‍ കുടിശ്ശിക വരുത്തിയതാണ് ജീവനക്കാരായ ഇവര്‍ക്ക് വിനയായത്. 13 മാസത്തോളം കടലില്‍ കഴിയേണ്ടി വന്ന സംഘത്തിന് ദുബൈ തീരത്ത് ഇറങ്ങാന്‍ വിസയുമില്ലായിരുന്നു. രേഖകളുടെ കാലാവധി കഴിഞ്ഞതിനാല്‍ ഇന്ത്യയിലേക്ക് മടങ്ങാനും സാധിക്കാതെ വന്നു. പുതിയ കമ്പനി കപ്പല്‍ ഏറ്റെടുത്ത് കുടിശ്ശിക തീര്‍ത്തതും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ഇടപെടലുമാണ് മോചനത്തിനുള്ള വഴി തുറന്നത്. ഇന്ന് ഉച്ചയോടെ ദിനേശന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുമെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.