കോണ്‍ഗ്രസിനും ഇടതിനുമൊപ്പം വര്‍ഗീയ വിരുദ്ധ ചേരിക്ക് സന്നദ്ധത പ്രകടിപ്പിച്ച് മമത

Posted on: November 19, 2014 12:57 am | Last updated: November 19, 2014 at 12:57 am

കൊല്‍ക്കത്ത: മതേതരത്വത്തിന്റെ സംരക്ഷണത്തിന് വൈരം മറന്ന് ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനും ഒപ്പം പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 125 ാം വാര്‍ഷികത്തോടനുബന്ധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന സെമിനാറില്‍ സംസാരിക്കുകയായിരുന്നു മമത.
‘എന്ത് കൊണ്ട് പറ്റില്ല? ഇത് പശ്ചിമ ബംഗാളിന്റെ മാത്രം വിഷയമല്ല. ദേശീയ പ്രശ്‌നമാണിത്. പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങളുണ്ട്. എന്നിരുന്നാലും വര്‍ഗീയവിരുദ്ധ മുന്നണി രൂപവത്കരിക്കാന്‍ ഒന്നിക്കും. വര്‍ഗീയക്കെതിരെ പോരാടാനുള്ള വേദിയാണിത്. ധര്‍മഗുരുക്കളെ ആദരിക്കുന്നു. എന്നാല്‍ ദാംഗ (കലാപം) ഗുരുക്കളെ പിന്തുണക്കുന്നില്ല. ഈ വിഷയത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിക്കണം. ഭരണകക്ഷിയായതിനാല്‍ ബി ജെ പിക്കും ഈ വേദിയെ പിന്തുണക്കാം. കലാപത്തെ ബി ജെ പി ഇഷ്ടപ്പെടുന്നില്ലെന്നാണ് എന്റെ വിശ്വാസം.’ മമത പറഞ്ഞു. സി പി എം നേതാവ് സീതാറാം യെച്ചൂരി, സി പി ഐ നേതാവ് ഡി രാജ, ജെ ഡി യു നേതാവ് ശരത് യാദവ് എന്നിവരും വേദിയിലുണ്ടായിരുന്നു. യെച്ചൂരിയുമായി മമത തന്റെ ആശങ്ക പങ്കുവെച്ചു. എന്നാല്‍, ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബി ജെ പിയും നിരന്തരം സംഘര്‍ഷമുണ്ടാകുകയും ബി ജെ പിക്ക് വളര്‍ച്ചയുണ്ടാകുന്നതിനാലുമാണ് മമതയുടെ നിലപാട് മാറ്റമെന്ന് യെച്ചൂരി ഓര്‍മപ്പെടുത്തി.
അതേസമയം, ബി ജെ പി നേതാവ് എല്‍ കെ അഡ്വാനിയെ മമത സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുത്തതും അഡ്വാനിയെ സന്ദര്‍ശിച്ചതും രാഷ്ട്രീയ മേഖലയില്‍ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ ഇതില്‍ അസ്വാഭാവികവുമായി ഒന്നുമില്ലെന്നും എഴുതാപ്പുറം വായിക്കേണ്ടതില്ലെന്നും അവര്‍ പറഞ്ഞു. ഇടത് നേതാക്കളെ സംബന്ധിച്ച് സംസാരിച്ചതില്‍ എന്ത് പുതുമയാണുള്ളത്. സോമനാഥ് ചാറ്റര്‍ജി, സി പി ഐ നേതാക്കളായ ഗീതാ മുഖര്‍ജി, ഇന്ദ്രജിത് ഗുപ്ത തുടങ്ങിയവരുമായി ഏറെ സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. എല്ലാറ്റിനും പുറമെ അന്തസ്സും ഔപചാരികതയും പുലര്‍ത്തുന്നവരുമാണ് തങ്ങളുടെ പാര്‍ട്ടി. വര്‍ഗീയവിരുദ്ധ മുന്നണിക്ക് നേതൃത്വം നല്‍കുമോയെന്ന ചോദ്യത്തിന് ഇങ്ങനെയായിരുന്നു മറുപടി. ‘ ഞാന്‍ ചെറിയയാള്‍. ആദ്യം പാര്‍ട്ടികളുടെ കൂട്ടായ്മയുണ്ടാകട്ടെ. എന്നില്‍ വെച്ചുപുലര്‍ത്തുന്ന പ്രതീക്ഷയേക്കാളേറെ ചെയ്യാന്‍ സാധിക്കും. മുന്നണിയില്‍ കോണ്‍ഗ്രസ് പിന്നില്‍ നിന്നാല്‍ മതി. പ്രാദേശിക പാര്‍ട്ടികള്‍ മുന്‍നിരയിലേക്ക് വരട്ടെ. കോണ്‍ഗ്രസ് നിരവധി വീഴ്ചകള്‍ വരുത്തിയിട്ടുണ്ട്. അതാണ് ബി ജെ പിക്ക് വഴിയൊരുക്കിയത്’.
വര്‍ഗീയവിരുദ്ധ മുന്നണിയില്‍ മമതയെ അകറ്റി നിര്‍ത്താനാണ് സി പി എം താത്പര്യപ്പെടുന്നത്. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ സി പി എമ്മിന്റെ നേതൃത്വത്തില്‍ 16 പാര്‍ട്ടികളുമായി ചേര്‍ന്ന് ഒരു കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചിരുന്നു.