ഇടത് സഖ്യത്തില്‍ വാഴത്തോപ്പില്‍ കേരളാ കോണ്‍ഗ്രസുകാരന്‍ പ്രസിഡന്റ്

Posted on: November 19, 2014 12:46 am | Last updated: November 19, 2014 at 12:46 am

തൊടുപുഴ: എല്‍ ഡി എഫ് പിന്തുണയോടെ വാഴത്തോപ്പ് പഞ്ചായത്തില്‍ കേരളാ കോണ്‍ഗ്രസിന്റെ ഷിജോ ജോസ് തടത്തില്‍ പ്രസിഡന്റായി. അഞ്ചിനെതിരേ ഒമ്പത് വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റ് ജോയി വര്‍ഗീസിനെ പരാജയപ്പെടുത്തിയത്. യു ഡി എഫ് ഭരിച്ചിരുന്ന ജില്ലാ ആസ്ഥാനം ഉള്‍പ്പെടുന്ന വാഴത്തോപ്പ് പഞ്ചായത്തിലുണ്ടായ കേരളാ കോണ്‍ഗ്രസ്- കോണ്‍ഗ്രസ് ഭിന്നതയാണ് കാര്യങ്ങള്‍ തകിടം മറിച്ചത്. കഴിഞ്ഞ മാസം ഒമ്പതിന് എല്‍ ഡി എഫ് അംഗങ്ങള്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റിനെതിരേ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. അഞ്ച് അംഗങ്ങള്‍ ഉള്ള എല്‍ ഡി എഫിന്റെ അവിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ കേരളാ കോണ്‍ഗ്രസിന്റെ നാല് അംഗങ്ങള്‍ കൂടി ഇടതിനെ പിന്തുണച്ചതോടെ കോണ്‍ഗ്രസ് നേതാവിന്റെ പ്രസിഡന്റ് പദവി തെറിച്ചു. തുടര്‍ന്ന് ഇന്നലെ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്റെ അഞ്ചംഗങ്ങളുടെ പിന്തുണയോടെ കേരളാ കോണ്‍ഗ്രസിന്റെ പ്രതിനിധി വിജയിക്കുകയായിരുന്നു.