മെട്രോയിലെ കിയോസ്‌കുകള്‍ അംഗീകാരം നേടി

Posted on: November 18, 2014 8:39 pm | Last updated: November 18, 2014 at 8:39 pm

kioskദുബൈ: മെട്രോ സ്‌റ്റേഷനിലെ സ്മാര്‍ട്ട് കിയോസ്‌കുകള്‍ നാലു മാസത്തിനകം 6,32,884 പേര്‍ ഉപയോഗിച്ചതായി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. റെഡ്, ഗ്രീന്‍ പാതകളിലെ 23 സ്‌റ്റേഷനുകളിലായി 50 കിയോസ്‌കുകളാണുള്ളത്. യാത്ര സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കുന്ന സ്മാര്‍ട്ട് കിയോസ്‌കിന് ഈയിടെ ഹംദാന്‍ ബിന്‍ മുഹമ്മദ് സ്മാര്‍ട് ഗവണ്‍മെന്റ് അവാര്‍ഡ് ലഭിച്ചിരുന്നു.
മികച്ച ആഭ്യന്തര സഹകരണ വിഭാഗത്തിലായിരുന്നു പുരസ്‌കാരം. മൂന്നുവര്‍ഷത്തിനകം എമിറേറ്റിനെ ലോകത്തിലെ മികച്ച നഗരമാക്കി മാറ്റുന്നതിന്റെ ഭാഗമായാണു പുതിയ സേവനം ഏര്‍പ്പെടുത്തിയതെന്ന് ആര്‍ടിഎ റയില്‍ ഏജന്‍സി സിഇഒ അബ്ദുല്ല യൂസഫ് അല്‍ അലി പറഞ്ഞു. സ്‌റ്റേഷന്റെ പേര്, സ്ഥലം, യാത്രാവിവരങ്ങള്‍, സമയവിവരം, കാത്തിരിപ്പുസമയം, ഏഴു സോണുകളുടെ ഭൂപടം, യാത്രാനിരക്ക്, നോല്‍ കാര്‍ഡുകളുടെ വിവരങ്ങള്‍, നിയമലംഘനത്തിനുള്ള പിഴ, നിര്‍ദേശങ്ങള്‍, ഫീഡര്‍ ബസുകളുടെ വിവരങ്ങള്‍, പരാതിപ്പെടാനുള്ള സംവിധാനം, ലഘുലേഖ, സ്‌റ്റേഷനുകളിലെ മറ്റു സേവനങ്ങള്‍ തുടങ്ങി ഒട്ടേറെ വിവരങ്ങള്‍ കിയോസ്‌കില്‍ ലഭ്യമാകും. ടച്ച് സ്‌ക്രീനില്‍ അറബിക്, ഇംഗ്ലിഷ് ഭാഷകളിലാണു വിവരങ്ങള്‍ ലഭ്യമായിരിക്കുന്നതെന്നും യൂസഫ് അറിയിച്ചു.
റെഡ് ലൈനില്‍ അല്‍ റാഷിദിയ, എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ഒന്ന്, മൂന്ന്, ദെയ്‌റ സിറ്റി സെന്റര്‍, അല്‍റിഗ, യൂണിയന്‍, ബുര്‍ജ്മാന്‍, അല്‍ കരാമ, അല്‍ ജാഫിലിയ, വേള്‍ഡ് ട്രേഡ് സെന്റര്‍, എമിറേറ്റ്‌സ് ടവേഴ്‌സ്, ഫിനാന്‍ഷ്യല്‍ സെന്റര്‍, ബുര്‍ജ് ഖലീഫ, ദുബൈ മാള്‍, മാള്‍ ഓഫ് ദി എമിറേറ്റ്‌സ്, ദുബൈ ഇന്റര്‍നെറ്റ് സിറ്റി, ഇബ്ന്‍ ബത്തൂത്ത, ഗീന്‍ ലൈനില്‍ എയര്‍പോര്‍ട്ട് ഫ്രീ സോണ്‍, സ്‌റ്റേഡിയം, അബുഹൈല്‍, സലാഹുദ്ദീന്‍, ബനിയാസ്, അല്‍ഗുബൈബ, അല്‍ ഫഹിദി എന്നിവടങ്ങളിലാണ് കിയോസ്‌കുകള്‍.