Connect with us

National

രാംപാലിനെ അറസ്റ്റ് ചെയ്യാത്തതിന് ഹരിയാനാ സര്‍ക്കാറിന് കോടതിയുടെ രൂക്ഷ വിമര്‍ശം

Published

|

Last Updated

ഹിസാര്‍: വധഗൂഢാലോചനയുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ സ്വയം പ്രഖ്യാപിത ആള്‍ ദൈവം രാംപാലിന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. വെള്ളിയാഴ്ചയോടെ അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കാന്‍ കോടതി ഹരിയാന സര്‍ക്കാറിനും പോലീസിനും നിര്‍ദേശം നല്‍കി. ഇതുവരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാത്തതിന് സര്‍ക്കാറിനെയും പോലീസിനെയും കോടതി ശാസിച്ചു. അതേസമയം ഒളിവില്‍ കഴിയുന്ന രാംപാലിനെ ഏത് സമയവും അറസ്റ്റ് ചെയ്‌തേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ ബര്‍വാല നഗരത്തിന് സമീപമുള്ള സത്‌ലോക് ആശ്രമത്തിന് മുന്നില്‍ തടിച്ച് കൂടിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് പോലീസിനെ പ്രതിരോധിക്കുന്നതിനാണ് അനുയായികള്‍ സംഘടിച്ച് നില്‍ക്കുന്നത്. മൂന്ന് തവണ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഇന്നലെയാണ് കോടതി രാംപാലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം അദ്ദേഹത്തിന്റെ പേരിലുള്ള മുഴുവന്‍ അക്കൗണ്ടുകളും മരവിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. രാംപാല്‍ ഒളിച്ച് കഴിയുന്നുവെന്ന് കരുതപ്പെടുന്ന ആശ്രമത്തിന് പുറത്ത് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ കനത്ത പോലീസ് കാവലുണ്ട്. എന്നാല്‍ ഇവിടെ നിന്ന് അദ്ദേഹം മറ്റൊരു ഒളിസങ്കേതത്തിലേക്ക് മുങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്നലെയും അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് കോടതി സര്‍ക്കാറിനെയും പോലീസിനെയും രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തത് സര്‍ക്കാറിന്റെ ന്യൂനതയാണെന്ന് കോടതി വിലയിരുത്തി. കോടതി വിധിയുടെ പശ്ചാതലത്തില്‍ മുഴുവന്‍ അനുയായികളോടും ആശ്രമത്തില്‍ നിന്ന് ഒഴിയാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അറസ്റ്റിന് വഴിയൊരുക്കാന്‍ സഹകരിക്കണമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണറും ആവശ്യപ്പെട്ടിട്ടുണ്ട്. സ്തീകളും കുട്ടികളുമുള്‍പ്പെടെയുള്ള ആയിരക്കണക്കിന് അനുയായികളാണ് ആശ്രമത്തിന് മുമ്പില്‍ തമ്പടിച്ചിട്ടുള്ളത്. അറസ്റ്റ് ചെയ്യാന്‍ പോലീസും പ്രതിരോധിക്കാന്‍ അനുയായികളും എത്തിയതോടെ ആശ്രമത്തിന് മുമ്പില്‍ ശനിയാഴ്ച മുതല്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഞായറാഴ്ച രാത്രിയോടെ ഇവിടെ നിന്ന് പിന്‍വാങ്ങിയ പോലീസ് ഇന്നലെ വീണ്ടും ആശ്രമം വളഞ്ഞിരിക്കുകയാണ്. വധഗൂഢാലോചന, അനധികൃതമായി ആളുകളെ സംഘടിപ്പിക്കല്‍, കോടതിയലക്ഷ്യം തുടങ്ങിയ കുറ്റങ്ങളാണ് രാംപാലിനെതിരെയുള്ളത്.