Connect with us

Kerala

മലപ്പുറം ജില്ലാ കായികമേള മൂന്നാം തവണയും മുടങ്ങി

Published

|

Last Updated

മലപ്പുറം: ട്രാക്കില്‍ പുതിയ ദൂരവും വേഗവും തീര്‍ക്കാനെത്തിയ കായിക വിദ്യാര്‍ഥികള്‍ പോലീസ് ലാത്തിക്ക് മുന്നില്‍ ജീവനും കൊണ്ടോട്ടി രക്ഷപ്പെട്ടു. മത്സര വീര്യവും ആവേശവും നിറയേണ്ട മലപ്പുറം ജില്ലാ സ്‌കൂള്‍ കായിക മേളയുടെ ട്രാക്ക് യുദ്ധക്കളമായി മാറി ഇന്നലെ. പോലീസ് ലാത്തിച്ചാര്‍ജിലും മര്‍ദനത്തിലും 40 വിദ്യാര്‍ഥികള്‍ക്കും 20 കായികാധ്യാപകര്‍ക്കും പരുക്കേറ്റു. ഭാഷാധ്യാപകരെ കായിക അധ്യാപകരായി നിയമിക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കായികവിഭാഗം വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. രണ്ട് തവണ കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ മുടങ്ങിയ ജില്ലാ സ്‌കൂള്‍ കായിക മേള പോലീസിന്റെ പടയോട്ടമണ്ണില്‍ പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയോടെയെത്തിയ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഇന്നലെയും നിരാശയോടെ മടങ്ങേണ്ടി വന്നു. ഇതോടെ മൂന്നാം തവണയും ജില്ലാകായിക മേള മാറ്റിവെക്കേണ്ടി വന്നു. ഇന്നലെ മലപ്പുറം എം എസ് പി പരേഡ് ഗ്രൗണ്ടിലായിരുന്നു കായിക മേള നടക്കേണ്ടിയിരുന്നത്. മണിക്കൂറുകള്‍ വൈകി രാവിലെ പതിനൊന്ന് മണിയോടെയാണ് മത്സരങ്ങള്‍ ആരംഭിച്ചത്. ഏതാനും മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോഴേക്ക് പ്രതിഷേധവുമായി കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ വിദ്യാര്‍ഥികളും കോഴിക്കോട് ഈസ്റ്റ്ഹില്ലിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളജ് വിദ്യാര്‍ഥികളും ട്രാക്ക് കൈയേറി കുത്തിയിരിപ്പ് സമരം തുടങ്ങുകയായിരുന്നു.

മുദ്രാവാക്യം വിളികളുമായി ഗ്രൗണ്ടില്‍ നിലയുറപ്പിച്ച നൂറ് കണക്കിന് വിദ്യാര്‍ഥികളില്‍ ചിലരെ പോലീസ് അറസ്റ്റ് ചെയ്തതോടെ പ്രതിഷേധത്തിന് ശക്തി കൂടുകയായിരുന്നു. ബാക്കിയുള്ളവരെ കൂടി അറസ്റ്റ് ചെയ്യാന്‍ ബസുമായെത്തിയ പോലീസ് പെണ്‍കുട്ടികളടങ്ങുന്ന പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് കൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞതോടെ പോലീസ് ലാത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മത്സരിക്കാനെത്തിയ സ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും നാല് പാടും ചിതറിയോടി. എന്നാല്‍ പിന്‍വാങ്ങാന്‍ തയ്യാറാകാതിരുന്ന പ്രതിഷേധക്കാര്‍ അറസ്റ്റ് ചെയ്തവരെ കൊണ്ടുപോകാന്‍ അനുവദിക്കാതെ പോലീസ് ബസിന് താഴെ കിടന്ന് മുദ്രാവാക്യം വിളിതുടര്‍ന്നു.
പലതവണ സമരക്കാരോട് പിരിഞ്ഞ് പോകാന്‍ മൈക്കിലൂടെ ആവശ്യപ്പെട്ടെങ്കിലും പിന്തിരിയാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പോലീസ് ലാത്തിവീശിയും ബലം പ്രയോഗിച്ചും ബസില്‍ കയറ്റി. തുടര്‍ന്ന് കായികമേള അനിശ്ചിതകാലത്തേക്കു മാറ്റിവെച്ചതായി ഡി ഡി ഇ അറിയിച്ചതോടെയാണ് വിദ്യാര്‍ഥികള്‍ പിരിഞ്ഞ് പോയത്. സമരം നടത്തിയ നൂറോളം വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.