സ്മാര്‍ട്‌സിറ്റി പദ്ധതി: അടിസ്ഥാന സൗകര്യ വികസനം ദ്രുതഗതിയില്‍

Posted on: November 18, 2014 5:22 am | Last updated: November 17, 2014 at 11:26 pm

Smart_City_kochiകൊച്ചി: കൊച്ചി സ്മാര്‍ട്‌സിറ്റി പദ്ധതി പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നു. പദ്ധതി ഒന്നാം ഘട്ടത്തിലാണെങ്കിലും മുഴുവന്‍ പദ്ധതിയുടെയും അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ഈ ഘട്ടത്തില്‍ത്തന്നെ നടപ്പാക്കുകയാണെന്ന് സ്മാര്‍ട്‌സിറ്റി കൊച്ചി സി ഇ ഒ ജിജോ ജോസഫ് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. പദ്ധതിക്കാവശ്യമായ റോഡുകളുടെ 70 ശതമാനവും ഒന്നാം ഘട്ടത്തിന്റെ ഭാഗമായി 2015 ജൂലൈക്കകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതനുസരിച്ചുള്ള നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. സ്മാര്‍ട്‌സിറ്റി പ്രദേശത്തെ പ്രോസസിംഗ്, നോണ്‍ പ്രോസസിംഗ് സോണുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണം ഘട്ടങ്ങളായാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. റോഡ്, വൈദ്യുതി, ജലം, കമ്യൂണിക്കേഷന്‍ എന്നീ സംവിധാനങ്ങളുടെ വികസനം മാസ്റ്റര്‍ പ്ലാനില്‍ത്തന്നെ ഉള്‍പ്പെടുത്തി. മാര്‍ച്ചിലാരംഭിച്ച 21 മാസത്തെ ആദ്യഘട്ടത്തില്‍ ഇടച്ചിറ കനാലിനു കുറുകെയുള്ളപാലം, പ്രോസസിംഗ്- നോണ്‍ പ്രോസസിംഗ് സോണുകളിലെ ഇന്റേണല്‍ റോഡുകളുടെ ഒന്നാം ഘട്ടം, വൈദ്യുതി- ജല വിതരണ സംവിധാനങ്ങള്‍, ഹോര്‍ട്ടികള്‍ച്ചര്‍, മഴവെള്ള സംഭരണി, പെരിമീറ്റര്‍ ഫെന്‍സിംഗ്, മതിലുകള്‍, സ്വാഗത കമാനം എന്നിവ ഉള്‍പ്പെടുന്നു. കാലാവസ്ഥ പ്രതികൂലമായിരുന്നിട്ടും മീഡിയനോടെയുള്ള 3.5 കിമീ 4- ലൈന്‍ റോഡിന്റെ നിര്‍മാണത്തിലും വലിയ പുരോഗതിയുണ്ടായിട്ടുണ്ട്. സര്‍വീസ് കിടങ്ങുകളും ലാന്‍ഡ്‌സ്‌കേപിംഗും ഇതോടൊപ്പം തന്നെ ചെയ്യുകയാണ്. പ്ലോട്ടുകളിലെ നിര്‍മാണം, ഗതാഗതം എന്നിവ കണക്കിലെടുത്താണ് റോഡുകളുടെ ലേ-ഔട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സ്മാര്‍ട്‌സിറ്റി നിലവാരത്തില്‍ ഫിനിഷുകള്‍, മീഡിയനുകള്‍, സ്ട്രീറ്റ് ലൈറ്റുകള്‍, റോഡ് സൈനുകള്‍, ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയുടെ നിര്‍മാണവും ഇതോടൊപ്പം മൂന്നേറുന്നു. എല്ലാ റോഡുകളുടേയും ഇരുവശത്തും ആവശ്യത്തിന് വീതിയുള്ള സര്‍വീസ് കോറിഡോറുകളുമുണ്ട്. ഭാവിയിലെ വികസന സാധ്യതകള്‍ കണക്കിലെടുത്ത് ഈ സര്‍വീസ് കോറിഡോറുകള്‍ പരസ്പര ബന്ധിതവുമാണ്.
‘പരിഷ്‌കാരങ്ങളും പുതിയ റോഡുകളും വരുമ്പോള്‍ പൂര്‍ത്തിയായ റോഡുകളെ ഒരു തരത്തിലും ബാധിക്കാത്ത വിധമാണ് രൂപകല്‍പ്പന. ചതുപ്പുള്ള ഭാഗങ്ങളില്‍ പെട്ടെന്ന് വെള്ളം വാര്‍ന്നുപോകാന്‍ വെര്‍ട്ടിക്കല്‍ ഡ്രെയിനുകളും നിര്‍മിക്കുന്നുണ്ട്. നിര്‍മാണ പ്രവര്‍ത്തന ഘട്ടങ്ങളുടെ ആവശ്യങ്ങള്‍ കണക്കിലെടുത്താണ് ഇന്‍ഫോ പാര്‍ക്കിന്റെ പ്രധാന പ്രവേശന കവാടത്തിന് എതിര്‍ഭാഗത്ത് ഇടച്ചിറ കനാലിനു കുറുകെ പാലം നിര്‍മിക്കുന്നത്. ജലപ്രവാഹത്തിന് തടസ്സമില്ലാത്ത വിധത്തിലാണ് പാലത്തിന്റെ രൂപകല്‍പ്പന. കവര്‍ ചെയ്ത നടപ്പാത, സീറ്റിംഗ് സംവിധാനങ്ങള്‍, 26 മീറ്റര്‍ വീതിയുള്ള അഞ്ച് ലൈന്‍ ഡ്രൈവ്, സൈക്കിള്‍ ട്രാക്ക് എന്നിവയുള്‍പ്പെടുന്നതാണ് പാലം. വൈദ്യുതി- ജലവിതരണം, സ്ട്രീറ്റ് ലൈറ്റുകള്‍, ഡാറ്റാ-കമ്യൂണിക്കേഷന്‍ കണക്റ്റിവിറ്റി എന്നിവക്കുള്ള സൗകര്യങ്ങളുടെ നിര്‍മാണവും പുരോഗമിക്കുന്നതായി ജിജോ ജോസഫ് അറിയിച്ചു. ഒന്നാം ഘട്ടത്തിനാവശ്യമായ ജലലഭ്യത കിന്‍ഫ്രയില്‍ നിന്ന് ഉറപ്പാക്കിയിട്ടുണ്ട്. വെദ്യുതിയുടെ കാര്യത്തില്‍ ഒരു ഡിസ്ട്രിബ്യൂഷന്‍ ലൈസന്‍സി എന്ന നിലയില്‍ സബ്‌സ്റ്റേഷനുകളും ഡിസ്ട്രിബ്യൂഷന്‍ നെറ്റ് വര്‍ക്കുകളും സ്ഥാപിക്കും. വൈദ്യുതിയുടെ പര്‍ച്ചേസിനായി വൈകാതെ കെ എസ് ഇ ബിയുമായി ധാരണയിലെത്തും. 3.5 കിമീ ദൈര്‍ഘ്യമുള്ള മുഴുവന്‍ റോഡുകള്‍ക്കും സ്‌റ്റോംവാട്ടര്‍ നെറ്റ്‌വര്‍ക്കിംഗും ഉറപ്പുവരുത്തിയിട്ടുണ്ട്. സ്മാര്‍ട്‌സിറ്റി ക്യാമ്പസിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് 27 മീ വീതി, 30 മീ നീളം, 15 മീ ഉയരത്തില്‍ മനോഹരമായ സ്വാഗത കമാനവും സ്ഥാപിക്കുന്നുണ്ട്.