Connect with us

Editorial

ദുരന്തങ്ങള്‍ സൃഷ്ടിക്കുന്ന മരുന്നുകള്‍

Published

|

Last Updated

പതിനേഴ് പേരുടെ മരണത്തിനിടയാക്കിയ ഛത്തിസ്ഗഢ് വന്ധ്യംകരണ ശസ്ത്രക്രിയാ ക്യാമ്പില്‍ ഉപയോഗിച്ച മരുന്നില്‍ വിഷാംശം കണ്ടെത്തുകയുണ്ടായി. എലിവിഷത്തില്‍ ഉപയോഗിക്കുന്ന സിങ്ക് ഫോസ്‌ഫൈഡ് എന്ന രാസവസ്തുവാണ് ക്യാമ്പില്‍ പങ്കെടുത്ത സ്ത്രീകള്‍ക്ക് നല്‍കിയ മരുന്നില്‍ കാണപ്പെട്ടത്. റെയ്പൂരിലെ മഹാവര്‍ ഫാര്‍മ കമ്പനിയുടെ ലേബളിലുള്ള ഈ മരുന്ന് അവിടെ നിര്‍മിച്ചതല്ലെന്നും മറ്റേതോ അനധികൃത സ്ഥാപനമാണ് അതിന്റെ ഉറവിടമെന്നും ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതെതുടര്‍ന്നു കമ്പനിയുടെ അംഗീകാരം റദ്ദാക്കുകയും ഡയറക്ടര്‍മാരായ രമേഷ് മഹാവര്‍, പുത്രന്‍ സുമിത് മഹാവര്‍ എന്നിവരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.
ഛത്തിസ്ഗഢില്‍ സംഭവിച്ചത് രാജ്യത്തെ നടുക്കിയ ഒരു വന്‍ ദുരന്തമായത് കൊണ്ടാണ് അധികൃതര്‍ മരുന്ന് പരിശോധന നടത്തിയതും നടപടി സ്വീകരിച്ചതും. എന്നാല്‍ നാടെങ്ങുമുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്യുകയും വിപണികളില്‍ വില്‍ക്കുകയും ചെയ്യുന്ന മരുന്നുകളില്‍ നല്ലൊരു ഭാഗവും ഇതുപോലെ നിലവാരമില്ലാത്തതാണെന്നും പാവപ്പെട്ട രോഗികളെ അവ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കയാണെന്നും പലരും അറിയുന്നില്ല. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ജൂണില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വിതരണം ചെയ്യുന്ന മരുന്നുകളില്‍ പലതും നിലവാരമില്ലാത്തതും കാലാവധി അവസാനിച്ചതുമാണെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. കോര്‍പറേഷന്‍ സംഭരിക്കുന്ന മരുന്നുകള്‍ ഗുണനിലവാര പരിശോധനക്ക് വിധേയമാക്കിയ ശേഷമേ ആശുപത്രികള്‍ക്ക് നല്‍കാവൂ എന്നാണ് ചട്ടമെങ്കിലും 2008-13 കാലയളവില്‍ സംഭരിച്ച ഇന്‍സുലിന്‍, ആന്റിവെനം, ആന്റിറാബീസ് വാക്‌സിന്‍, പാരാസെറ്റാമോള്‍, വിവിധ തരം ആന്റിബയോട്ടിക്കുകള്‍ തുടങ്ങി ഒട്ടേറെ മരുന്നുകള്‍ ഗുണനിലവാര പരിശോധന പോലും നടത്താതെയാണ് വിതരണം ചെയ്തതെന്നും സി എ ജി വ്യക്തമാക്കുന്നു. ഈ കാലയളവില്‍ 1158 മരുന്നുകളുടെ 47,650 ബാച്ചുകള്‍ വാങ്ങിയതില്‍ 37,112 എണ്ണത്തിന്റെ ഗുണപരിശോധനയേ നടത്തിയുള്ളു. ഈ പരിശോധന തന്നെ പ്രഹസനമാണ്. ഡ്രഗ് അനാലിസിസ് ലബോറട്ടറിയിലേക്ക് സാമ്പിളുകള്‍ പരിശോധനക്ക് അയച്ചാല്‍ ഒരു വര്‍ഷം കഴിഞ്ഞാണ് പലപ്പോഴും പരിശോധനാഫലം ജില്ലാ ഡ്രഗ് വെയര്‍ഹൗസുകളില്‍ എത്തുന്നത്. അപ്പോഴേക്കും സര്‍ക്കാര്‍ ആശുപത്രികള്‍ മുഖേന മരുന്നുകളത്രയും വിതരണം ചെയ്തു കഴിഞ്ഞിരിക്കും. മരുന്നുകമ്പനികളും കോര്‍പറേഷന്‍ അധികൃതരും തമ്മിലുള്ള കള്ളക്കളിയാണ് പരിശോധനാ ഫലം വൈകുന്നതിന് പിന്നില്‍.
ഗണനിലവാരക്കുറവിന്റെ പേരില്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ നിരസിച്ച ഗുജറാത്തിലെ ഒരു സ്വകാര്യ കമ്പനിയുടെ ജീവന്‍രക്ഷാ മരുന്നുകള്‍ കോര്‍പറേഷന്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടിയ വിവരം അടുത്തിടെ മാധ്യമങ്ങള്‍ വെളിച്ചത്തു കൊണ്ടുവന്നതാണ്. കമ്പനി വാഗ്ദാനം ചെയ്ത ഉയര്‍ന്ന കമ്മീഷനാണ് ഈ കച്ചവടത്തിന്റെ രഹസ്യം. ഗുണനിലവാരം കുറഞ്ഞതും കാലഹരണപ്പെട്ടതുമായ മരുന്നുകള്‍ കഴിച്ചാല്‍ ജീവഹാനി ഉള്‍പ്പെടെയുള്ള പാര്‍ശ്വഫലങ്ങള്‍ ഉളവാക്കിയേക്കാമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.
മരുന്ന് നിര്‍മാണത്തിന് എക്‌സൈസ് ഡ്യൂട്ടി നല്‍കേണ്ടതില്ലെന്ന കാരണത്താല്‍ ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, സിക്കിം, ജമ്മുകാശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ മരുന്ന് കമ്പനികളേറെയും പ്രവര്‍ത്തിക്കുന്നത്. ഇവിടെ ഉത്പാദിപ്പിക്കുന്ന നല്ലൊരു ഭാഗം മരുന്നുകളും ഗുണനിലവാരം ഇല്ലാത്തവയുമാണ്. കേരളത്തിലേക്ക് ഈ കമ്പനികളുടെ മരുന്നുകള്‍ ധാരാളം എത്തുന്നുണ്ട്. സംസ്ഥാനത്ത് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം വില്‍പ്പന നിരോധിച്ച മരുന്നുകളില്‍ പലതും ഇവിടെ നിന്നുള്ളതാണ്. പ്രമുഖ ഇന്ത്യന്‍ മരുന്നു നിര്‍മാണ കമ്പനിയായ റാന്‍ബാക്‌സിയുടെ മരുന്നുകള്‍ അമേരിക്ക നിരോധിച്ചത് അടുത്തിടെയാണ്. നിയമങ്ങള്‍ പാലിക്കാതെയാണ് റാന്‍ബാക്‌സി മരുന്ന് ഉത്പാദിപ്പിക്കുന്നതെന്നും പരീക്ഷണങ്ങളില്‍ പരാജയപ്പെട്ട അസംസ്‌കൃത വസ്തുക്കള്‍ പോലും മരുന്നില്‍ ചേര്‍ക്കുന്നതായും യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു നിരോധം. എന്നാല്‍ റാന്‍ബാക്‌സിയുടെ പല മരുന്നുകളും ഇന്ത്യയില്‍ ഇപ്പോഴും വിറ്റഴിക്കുന്നുണ്ട്. ജനങ്ങളുടെ ആരോഗ്യം പണയപ്പെടുത്തി മരുന്ന് നിര്‍മിക്കുന്ന വന്‍കിട കമ്പനികളുടെ സ്വാധീനത്തില്‍ അകപ്പെട്ട് അവരുടെ ക്രൂര ചെയ്തികള്‍ക്ക് നേരെ കണ്ണടയ്ക്കുകയാണ് അധികാരി വര്‍ഗം. സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് വിതരണത്തില്‍ നടക്കുന്ന ക്രമക്കേട് വിവരിക്കുന്ന സി എ ജി റിപ്പോര്‍ട്ട് ലഭിച്ചു മാസങ്ങളായിട്ടും അതിനെതിരെ പ്രായോഗികമായ നടപടി ഇതുവരെ ഉണ്ടായിട്ടില്ല. പാവപ്പെട്ട രോഗികളുടെ ജീവന്‍ കൊണ്ട് പന്താടുന്ന ഈ പ്രവണത തുടര്‍ന്നാല്‍ കേരളത്തിലും ഛത്തീസ്ഗഢ് ദുരന്തം ആവര്‍ത്തിച്ചേക്കാമെന്ന് അധികൃതര്‍ ഓര്‍ക്കേണ്ടതുണ്ട്.

Latest