ഹെറോയിന്‍ കടത്താനുള്ള ശ്രമം ദുബൈ കസ്റ്റംസ് പരാജയപ്പെടുത്തി

Posted on: November 17, 2014 4:35 pm | Last updated: November 17, 2014 at 4:35 pm

2438048221ദുബൈ: 5.2 കിലോഗ്രാം ഹെറോയിന്‍ കടത്താനുള്ള ശ്രമം ദുബൈ കസ്റ്റംസ് പരാജയപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് ഏഴു പേരെ അറസ്റ്റ് ചെയ്തു. ദുബൈ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ രണ്ടില്‍ എത്തിയ ഏഴു യാത്രക്കാരാണ് വയറ്റില്‍ ഒളിപ്പിച്ച നിലയില്‍ 477 ഹെറോയിന്‍ ക്യാപ്‌സ്യൂളുകള്‍ കടത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ മാസം 25നായിരുന്നു മയക്കുമരുന്നു രാജ്യത്തേക്ക് കടത്താന്‍ സംഘം ശ്രമിച്ചതെന്ന് ദുബൈ കസ്റ്റംസ് പാസഞ്ചര്‍ ഓപറേഷന്‍സ് വിഭാഗം ഡയറക്ടര്‍ അഹമ്മദ് അബ്ദുല്ല ബിന്‍ ലാഹിജ് വെളിപ്പെടുത്തി. ആദ്യം എത്തിയ നാലു യാത്രക്കാരുടെ പെരുമാറ്റത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന് സംശയം തോന്നിയതോടെയാണ് മയക്കുമരുന്നു വേട്ടക്ക് തുടക്കമായത്. ഒരു ഏഷ്യന്‍ രാജ്യത്തു നിന്നു എത്തിയവരായിരുന്നു ഇവരെല്ലാം. രണ്ടു വിമാനങ്ങളിലായാണ് സംഘം എത്തിയത്. ബാഗേജുകള്‍ ശേഖരിക്കലും കസ്റ്റംസ് പരിശോധന ഉള്‍പെടെയുള്ളവയും സംഘം വിവിധ സമയത്തായാണ് പൂര്‍ത്തീകരിച്ചത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിവീഴുന്നത് ഒഴിവാക്കാനായിരുന്നു ഇത്തരമൊരു നീക്കം.

തുടക്കത്തില്‍ സ്വാഭാവികമായി പെരുമാറിയ സംഘാംഗങ്ങള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നതായി ബോധ്യപ്പെട്ടതോടെ ഭയന്ന രീതിയില്‍ പെരുമാറുകയായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ഇവരെ വിശദമായി പരിശോധിച്ചത്. എന്നാല്‍ ആദ്യ ഘട്ട പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. പിന്നീട് ബോഡി സ്‌കാനിംഗിലാണ് വയറിനകത്ത് അസ്വാഭാവികമായ വസ്തുക്കള്‍ ശ്രദ്ധയില്‍പ്പെട്ടത്. ചോദ്യം ചെയ്തതോടെ വയറ്റില്‍ മയക്കുമരുന്നു ഗുളികകളാണെന്ന് ഇവരില്‍ ആദ്യം പിടിയിലായ ആള്‍ സമ്മതിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷമാണ് 50 മയക്കുമരുന്നു ക്യാപ്‌സ്യൂളുകള്‍ പുറത്തെടുത്തത്. അല്‍പം കഴിഞ്ഞെത്തിയ രണ്ടാമനില്‍ നിന്നു 30 ക്യാപ്‌സ്യൂളുകളും മൂന്നാമത്തെ യാത്രക്കാരനില്‍ നിന്നു 68ഉം നാലാമനില്‍ നിന്നു. 50ഉം മറ്റുള്ളവരുടെ വയറ്റില്‍ നിന്നു ബാക്കിയുള്ള ക്യാപ്‌സ്യൂളുകളും കസ്റ്റംസ് അധികൃതര്‍ കണ്ടെടുക്കുയായിരുന്നു.
ഇത്തരം കേസുകള്‍ കണ്ടെത്തുന്നതില്‍ ദുബൈ കസ്റ്റംസ് കൈവരിച്ച പ്രവര്‍ത്തന മികവാണ് ഹെറോയിന്‍ പിടികൂടുന്നതിന് ഇടയാക്കിയതെന്ന് ദുബൈ കസ്റ്റംസ് ഡയറക്ടര്‍ അഹ്മദ് മെഹ്ബൂബ് മുസാബിഹ് വ്യക്തമാക്കി.