നെല്ല് സംഭരണം: 25 ലക്ഷം രൂപ ഉടനെ നല്‍കും: ചെന്നിത്തല

Posted on: November 17, 2014 12:23 pm | Last updated: November 17, 2014 at 12:23 pm

CHENNITHALAപാലക്കാട്: നെല്ല് സംഭരിച്ച വകയില്‍ പാലക്കാട്ടെ നെല്‍കര്‍ഷകര്‍ക്ക് കൊടുക്കാനുള്ള 75 ലക്ഷത്തോളം രൂപയില്‍ 25 ലക്ഷം രൂപ അടിയന്തരമായി കൊടുത്തുതീര്‍ക്കുമെന്നും ഇതിനുള്ള തുക അനുവദിച്ചതായും ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
വി എം സുധീരന്‍ നയിക്കുന്ന ജനപക്ഷയാത്രയ്ക്ക് എരിമയൂരില്‍ നല്‍കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താനുള്ള ഇച്ഛാശക്തി സര്‍ക്കാരിനുണ്ട്. കേരളത്തില്‍ യു ഡി എഫും സര്‍ക്കാരും ശക്തമാണ്. പരാജയത്തിന്റെ പടുകുഴിയിലാണ് ഇടതുമുന്നണിയെന്നും അവര്‍ ദുര്‍ബലമായെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിനെതിരെ യോജിച്ച സമരം നടത്താന്‍ പോലും സി പി എമ്മിനും സി പി ഐയ്ക്കും കഴിയുന്നില്ല. തുറന്നപോരാണ് മുന്നണിയില്‍ നടക്കുന്നത്. പന്ന്യനു നേരെ പിണറായിയും തിരിച്ചും ഇരുവരും വാളോങ്ങുകയാണ്. ബംഗാളിലെ പോലെ കേരളത്തിലും സി പി എം കനത്ത തിരിച്ചടിയേറ്റു വാങ്ങും. കോണ്‍ഗ്രസിനേറ്റ തിരിച്ചടിയില്‍ നിന്നും കോണ്‍ഗ്രസ് കൊടുങ്കാറ്റ് പോലെ തിരിച്ചുവരും. ജനങ്ങളെ ഭിന്നിപ്പിച്ച് ‘ഭരിക്കുന്ന നിലപാടാണ് ബി ജെ പി സ്വീകരിക്കുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 30 ശതമാനം വോട്ടുകള്‍ മാത്രമാണ് ബി ജെ പിക്ക് ലഭിച്ചത്.
70 ശതമാനം വോട്ടുകള്‍ ഭിന്നിച്ചതു കൊണ്ടാണ് മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയത്. സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ മതേതര മുന്നണി രൂപീകരിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
ഭാവി തലമുറയെ വിപത്തുകളില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമവുമായാണ് ജനപക്ഷയാത്ര മുന്നേറുന്നത്. പരമ്പരാഗത രാഷ്ട്രീയശൈലിയില്‍ നിന്നും മാറി കൊണ്ട് വി എം സുധീരന്‍ നയിക്കുന്ന യാത്ര ജനപക്ഷത്ത് നില്‍ക്കുന്ന യാത്രയാണ്. ജനപക്ഷയാത്രയെ ജനങ്ങള്‍ അംഗീകരിക്കുന്നുവെന്നതിന്റെ തെളിവാണ് ജനപങ്കാളിത്തം തെളിയിക്കുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.