Connect with us

Malappuram

പൊല്‍പ്പാക്കരയില്‍ ബി ജെ പി- സി പി എം സംഘര്‍ഷം

Published

|

Last Updated

എടപ്പാള്‍: പൊല്‍പ്പാക്കരയില്‍ ബി ജെ പി-സി പി എം സംഘര്‍ഷം കല്ലേറിലും അക്രമത്തിലും എട്ട് സി പി എം പ്രവര്‍ത്തകര്‍ക്കും 10 ബി ജെ പി പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. കൊടികളും സ്ഥൂപങ്ങളും വ്യാപകമായി തകര്‍ത്തു.
നിരവധി വീടുകളും കച്ചവടസ്ഥാപനങ്ങളും വാഹനങ്ങളും തകര്‍ക്കപെട്ടു. മൂന്ന് മണിക്കൂറോളം പൊല്‍പ്പാക്കര സംഘര്‍ഷഭരിതമായി. ഉച്ചക്ക് രണ്ട് മണിയോടെ ആരംഭിച്ച സംഘര്‍ഷം അഞ്ച് മണിയോടെയാണ് പോലീസിന് നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്.
പൊല്‍പ്പാക്കരയില്‍ സ്ഥാപിച്ച ബി ജെ പി കൊടിമരം കാണാതായതുമായി ബന്ധപെട്ട് പൊല്‍പ്പാക്കരയില്‍ ബി ജെ പി, സി പി എം പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതില്‍ പ്രധിഷേധിച്ച് സി പി എം പ്രവര്‍ത്തകര്‍ മേഖലയില്‍ സംഘടിച്ചിരുന്നു. ഉച്ചക്ക് 12 മണിയോടെ സി പി എം ലോക്കല്‍ സെക്രട്ടറി പ്രഭാകരന്‍, ഏരിയ കമ്മറ്റി അംഗം അഡ്വ. പി പി മോഹന്‍ദാസ് എന്നിവരെ ബി ജെ പി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതായി ആരോപിച്ചാണ് സി പി എം പ്രവര്‍ത്തകര്‍ ഉച്ചക്ക് രണ്ടിന് പൊല്‍പ്പാക്കരയില്‍ നിന്നും തട്ടാന്‍പടിയിലേക്ക് പ്രകടനം നടത്തിയത്. പ്രതിഷേധ പ്രകടനത്തിനിടയില്‍ സി പി എം പ്രവര്‍ത്തകര്‍ ബി ജെ പിയുടെ ചാത്തന്‍കുളം, തറക്കല്‍, പള്ളിയില്‍ ഭഗവതി ക്ഷേത്രത്തിന് മുന്‍വശം, ശാസ്ത, കണയബത്ത് ഭഗവതി ക്ഷേത്രം, പഴയങ്ങാടി ആല്‍ എന്നിവിടങ്ങളിലെ കൊടിമരങ്ങളും സ്തൂപങ്ങളും തകര്‍ത്തു.
തട്ടാന്‍ പടിയില്‍ നിന്നും മടങ്ങിയ പ്രവര്‍ത്തകര്‍ പള്ളിയില്‍ ഭഗവതി ക്ഷേത്രത്തില്‍ ബി ജെ പി പ്രവര്‍ത്തകര്‍ ക്യാമ്പ് ചെയ്തിട്ടുണ്ടെന്നാരോപിച്ച് ക്ഷേത്രത്തിന് മുന്‍വശത്തെ റോഡില്‍ സംഘടിച്ചു. ഇതിനിടയില്‍ ക്ഷേത്ര മൈതാനത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ ചില്ലുകള്‍ തകര്‍ത്തു. പിന്നീട് പ്രവര്‍ത്തകരെ നേതാക്കള്‍ ഇടപെട്ട് സ്ഥലത്ത്‌നിന്ന് മാറ്റി. അപ്പോഴേക്കും ബിജെ പി പ്രവര്‍ത്തകര്‍ ക്ഷേത്ര മൈതാനത്ത് സംഘടിച്ചു. ഇതിനിടയില്‍ ബി ജെ പി പ്രവര്‍ത്തകരായ പവ്വറ്റ ഹരിദാസന്‍(40), മഞ്ഞക്കാട്ട് പ്രഭേഷ്(40) എന്നിവരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഇതോടെ വടികളുമായി ബി ജെ പി പ്രവര്‍ത്തകര്‍ പൊല്‍പ്പാക്കരയിലേക്ക് തിരിച്ചു. പ്രതിഷേധ പ്രകടനവുമായി പോകുന്നതിനിടെ പൊല്‍പ്പാക്കര ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് മുന്‍വശത്തുള്ള അടച്ചിട്ട സി പി എം പ്രവര്‍ത്തകന്‍ പൊത്താനപറബില്‍ സുഭാഷിന്റെ ബാര്‍ബര്‍ഷാപ്പ് ഷട്ടറിന്റ് പൂട്ട് തകര്‍ത്ത് അടിച്ചു തകര്‍ത്തു. ഈ സമയം മുന്‍പഞ്ചായത്ത് പ്രസിഡന്റും സി പി എം നേതാവുമായിരുന്ന പി പദ്മനാഭന്റെ വീടിന് സമീപം സി പി എം പ്രവര്‍ത്തകര്‍ സംഘടിച്ച് നിന്നു. പിന്നീട് പ്രവര്‍ത്തകര്‍ വ്യാപകമായി കല്ലേറും കുപ്പിയേറും നടത്തി. അരമണിക്കൂറോളം ഇരുവിഭാഗം നടത്തിയ കല്ലേറിലും കുപ്പിയേറിലു ബി ജെ പി പഞ്ചായത്ത് പ്രസിഡന്റ് രതീഷ് പൊല്‍പ്പാക്കര, സി പി എം പ്രവര്‍ത്തകരായ പൊറൂക്കര കല്ലാട്ടേല്‍ ശ്രീജേഷ്(38), കല്ലംമുക്ക് പൊക്കണ്ടത്ത് വളപ്പില്‍ വിജയന്‍(45), തുയ്യം കൊരട്ടിയില്‍ അഖില്‍(23), പൊറൂക്കര സിബിന്‍(22), തണ്ടിലം സലാം(30), പെരുമ്പറബ് കൃഷ്ണന്‍കുട്ടി(46), പൊല്‍പ്പാക്കര രഘു(30), പൊല്‍പ്പാക്കര മെറീഷ്(28), തുയ്യം ബാലന്‍(27), തുയ്യം അജീഷ്(22), തുയ്യം അരുണ്‍(20) എന്നിവര്‍ക്ക് പരുക്കേറ്റു. പി പദ്മനാഭന്റെ വീടിന്റെ ജനല്‍ ചില്ലകളും കല്ലേറില്‍ തകര്‍ന്നു. ഇതിനിടയില്‍ സ്ഥലത്ത് തുണികച്ചവടം ചെയ്യുന്ന നരിപ്പറബ് അയ്യപ്പ കളത്തില്‍ ഹംസയെ(51), സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച് പരുക്കേല്‍പിച്ചു.
സ്ഥലത്തെത്തിയ പൊന്നാനി സി ഐ മനോജ് കബീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇരുവിഭാഗങ്ങളേയും റോഡിന്റെ ഇരുവശത്തേക്കും മാറ്റി. തിരിച്ച് പോകുന്നതിനിടെ ബി ജെ പി പ്രവര്‍ത്തകര്‍ സി പി എമ്മിന്റെ സ്തൂപങ്ങളും കൊടിമരങ്ങളും വ്യാപകമായി നശിപ്പിച്ചു. ഇതിനിടയില്‍ തട്ടാന്‍ പടിയിലെ സി പി എം ഓഫീസ് ബി ജെ പി പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു.
പരുക്കേറ്റ ബി ജെ പി പ്രവര്‍ത്തകരായ സൂരജ് വരെ(22), ജിനേഷ്(22), സുധീഷ്(21)എന്നിവരെ എടപ്പാള്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് വന്‍ പോലീസ് സഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

Latest