Connect with us

Kozhikode

നഗരത്തില്‍ ലഹരി മാഫിയ പിടിമുറുക്കുന്നു

Published

|

Last Updated

കോഴിക്കോട്: വിദ്യാര്‍ഥികളെ മയക്കാന്‍ ഗുളികകളുമായി വിലസുന്ന സംഘങ്ങള്‍ നഗരത്തില്‍ സജീവമാകുന്നു. പെട്ടെന്ന് ലഭ്യമാകുന്നതും വില കുറഞ്ഞതുമായ ലഹരിയെന്ന നിലയിലാണ് സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ ഇവരുടെ വലയില്‍ അകപ്പെടുന്നത്.

സംസ്ഥാനത്ത് തന്നെ ഇത്തരത്തില്‍ മയക്കു ഗുളികകളും ഇഞ്ചക്ഷനുകളും വിദ്യാര്‍ഥികള്‍ക്കിടയില്‍ വിതരണം ചെയ്യുന്നത് വ്യാപകമായിട്ടുണ്ട്. നിരവധി സംഘങ്ങളാണ് വിദ്യാര്‍ഥികള്‍ക്ക് ഇത്തരം മരുന്നുകള്‍ എത്തിച്ച് നല്‍കുന്നത്. സംഘത്തില്‍ ഉള്‍പ്പെട്ട രണ്ട് പേരെയാണ് കഴിഞ്ഞ ദിവസം പോലീസ് കോഴിക്കോട്ട് നിന്ന് പിടികൂടിയത്. പെണ്‍കുട്ടികള്‍ക്ക് ഉള്‍പ്പെടെ ഗുളികകള്‍ നല്‍കാറുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇവര്‍ പോലീസിനോട് സമ്മതിച്ചത്. വെള്ളിമാടുകുന്ന് കക്കാട്ടില്‍ പറമ്പില്‍ വി ടി മുഹമ്മദ് മന്‍സൂര്‍ (21), തടമ്പാട്ടുതാഴം ആഇശാ മന്‍സിലില്‍ അബ്ദുസ്സലാം (24) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഉറക്ക ഗുളികകളും വേദനാ സംഹാരികളും മാനസിക വിഭ്രാന്തിയുള്ളവര്‍ക്ക് കൊടുക്കുന്ന മയക്ക് ഗുളികളുമാണ് ഇവര്‍ വിദ്യാര്‍ഥികള്‍ക്ക് വില്‍പ്പന നടത്തുന്നത്. മൈസൂരില്‍ നിന്ന് കൊണ്ടുവരുന്ന ഗുളികകളാണ് ഇവര്‍ ജില്ലയില്‍ വ്യാപകമായി വിറ്റഴിക്കുന്നത്.
വിദ്യാര്‍ഥികള്‍ക്ക് ഇത്തരം മരുന്നുകള്‍ എത്തിച്ച് നല്‍കുന്നതിന് അന്തര്‍ സംസ്ഥാന കണ്ണികള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു. നൈട്രോസിപാം, സ്പാസ്‌മോ പ്രോക്‌സിയോണ്‍ എന്നീ ഗുളികകളും ടെന്റസോസിന്‍ ഇഞ്ചക്ഷനുമാണ് വിദ്യാര്‍ഥികള്‍ വ്യാപകമായി ഉപയോഗിക്കുന്നത്.
മൈസൂര്‍, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് ഇത്തരം മരുന്നുകള്‍ എത്തിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം മരുന്നുകള്‍ വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ അടുത്തിടെ പിടിയിലായിട്ടുണ്ട്.
നഗരത്തില്‍ കുറച്ചു കാലങ്ങള്‍ക്ക് മുമ്പ് ബാഗില്‍ മയക്കുമരുന്ന് ഗുളികകളുമായി രണ്ട് പേര്‍ പിടിയിലായിരുന്നു. മൈസൂരില്‍ നിന്നായിരുന്നു ഇവരും മരുന്നുകള്‍ എത്തിച്ചത്. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ മൈസൂരില്‍ ഉള്‍പ്പെടെ പോകാന്‍ പോലീസ് തീരുമാനിച്ചിരുന്നു. ശക്തമായ നീക്കമായിരുന്നു അന്ന് പോലീസ് നടത്തിയത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞതോടെ നടപടികള്‍ ദുര്‍ബലമാകുകയും സംഘങ്ങള്‍ സജീവമാകുകയും ചെയ്തു. രഹസ്യ കോഡുകള്‍ ഉപയോഗിച്ചാണ് ഇത്തരം മരുന്നുകള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രചരിച്ചിരുന്നത്. മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചാണ് വില്‍പ്പന ഉറപ്പിച്ചിരുന്നത്. എസ് എം എസ് വഴി ആവശ്യപ്പെട്ടാല്‍ എവിടെ വേണമെങ്കിലും മരുന്നുകള്‍ എത്തിച്ചു നല്‍കും.
ഏറെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ വരുത്തുന്നതാണ് ഇത്തരം മരുന്നുകള്‍. ശസ്ത്രക്രിയക്ക് മുമ്പുള്ള അനസ്‌തേഷ്യക്ക് ഉപയോഗിക്കുന്ന ടെന്റസോസിന്‍ ഇഞ്ചക്ഷനുകള്‍ വലിയ ലഹരിയാണ് നല്‍കുന്നത്. അമിതമായി ഇത് ഉപയോഗിച്ചാല്‍ മരണം വരെ സംഭവിക്കാം. തമാശക്ക് ഇത്തരം മരുന്നുകള്‍ ഉപയോഗിച്ച് തുടങ്ങുന്ന വിദ്യാര്‍ഥികള്‍ പിന്നീട് ഇവയുടെ അടിമകളായി മാറുകയാണ്. അടിമപ്പെട്ട് കഴിയുന്നതോടെ ഇവരുടെ സ്വഭാവത്തിലും വലിയ മാറ്റങ്ങള്‍ സംഭവിക്കും.
ഗുളികകള്‍ ലഭിക്കാതെ വരുന്നതോടെ അക്രമാസക്തരാകുകയും ചെയ്യുന്നു. മോഷണം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളിലേക്ക് പലരെയും നയിക്കുന്നത് ഇത്തരം മരുന്നുകളുടെ ഉപയോഗമാണ്. ഇവക്കൊപ്പം കഞ്ചാവിന്റെയും നിരോധിക്കപ്പെട്ട പുകയില ഉത്പന്നങ്ങളുടെയും വില്‍പ്പന ജില്ലയില്‍ വ്യാപകമാണ്. ശക്തമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ യുവതലമുറ വലിയ അപകടങ്ങളിലേക്ക് നീങ്ങുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

---- facebook comment plugin here -----

Latest